| ഹരിമോഹൻ
ശിവസേനയുടെ പ്രാദേശിക ദേശീയതയേക്കാൾ മഹാരാഷ്ട്രയിലെ മധ്യവർഗത്തിനു യോജിക്കാനായത് ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ പ്രതിനിധീകരിക്കുന്ന പാൻ ഇന്ത്യൻ സമീപനത്തോടാണെന്നു മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ് എഴുതിയതിനോട് 100 ശതമാനവും യോജിച്ചുകൊണ്ടാണ് ഇതെഴുതുന്നത്.
സച്ചിൻ അടിമുടി ഒരു മൂലധന നിർമിതിയാണ്. ലോകരാജ്യങ്ങൾക്കു മുന്നിൽ ഉയർത്തിക്കാണിക്കാൻ പറ്റിയ ലോകോത്തര നിലവാരമുള്ള ഒരേയൊരു ഇന്ത്യൻ ഉത്പന്നമെന്ന നിലയിലാണ് സച്ചിനോടുള്ള ആരാധന രൂപപ്പെടുന്നത്. തന്നിൽ അർപ്പിച്ചിരിക്കുന്ന ഈ മൂലധന സ്വഭാവത്തെ സച്ചിൻ ഒന്നാന്തരമായി കാത്തുസൂക്ഷിക്കുന്നുമുണ്ട്.
മൂലധന, ഭരണകൂട നയങ്ങളെ വിമർശിക്കുകയോ, വെല്ലുവിളിക്കുകയോ, അവർക്ക് അസ്വസ്ഥതയുണ്ടാക്കുകയോ ചെയ്യുന്ന ഒന്നും തന്നെ തന്നിൽ നിന്നുണ്ടാകുന്നില്ലെന്ന് സച്ചിൻ ഉറപ്പുവരുത്തുന്നുണ്ട് എക്കാലത്തും. അതിന്റെ ഭാഗമായാണല്ലോ, “എന്തു ചെയ്യണമെന്ന് ഇന്ത്യക്കറിയാം” എന്ന നിലയിൽ മോദി ഭരണകൂടത്തിന് അനുകൂലമായും കർഷക സമരത്തിനു വിരുദ്ധമായും സച്ചിൻ പ്രതികരിച്ചത്.
ഇതിന്റെ തുടർച്ചയായാണല്ലോ സച്ചിൻ ഇന്നു സ്വീകരിക്കുന്ന മൗനവും. ബിംബാരാധനയിലോ മൂലധന നിർമിതിയിലോ സച്ചിനോളം വരാത്ത ഇന്ത്യൻ ഗുസ്തിതാരങ്ങൾക്കു വേണ്ടി കപിൽ ദേവ് മുതൽ റോജർ ബിന്നി വരെയുള്ള 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഓരോരുത്തരും ശബ്ദമുയർത്തിയപ്പോൾ അവരേക്കാൾ താരപരിവേഷമുള്ള, ചെറുപ്പക്കാരനായ സച്ചിനു നിശബ്ദതയാണ്.
‘ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ’പ്പോലും അയാൾ മൗനം പാലിക്കുന്നു. അത്രകണ്ടു ഭരണകൂട അടിമയാണ് അയാൾ. അത്രത്തോളം സേഫ് സോൺ ആഗ്രഹിക്കുന്നുണ്ട് അയാളിലെ താരസിംഹാസനം. അതുകൊണ്ട്, ഇന്ത്യൻ ക്രിക്കറ്റിലെ ഈ നരച്ച തലകളിൽ നിന്നു മാത്രമേ നിങ്ങൾ നീതിബോധം പ്രതീക്ഷിക്കാവൂ. ഇർഫാൻ പത്താനെപോലുള്ള അപൂർവം ചില മനുഷ്യരുണ്ടാകും ഈ വശത്ത്. അതിനപ്പുറം പ്രതീക്ഷിക്കരുത്. ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമേകിയ പ്രിയപ്പെട്ടവവർക്ക് ആയിരം അഭിവാദ്യങ്ങൾ