| ഡോ. ഷിംന അസീസ്
അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അവരുടെ കൂട്ടത്തിലൊരാളെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യ ചെയ്യിച്ച ഇൻസ്‌റ്റിറ്റ്യൂഷണൽ മർഡർ കുട്ടികൾ ചോദ്യം ചെയ്‌തു. വർഷങ്ങളായി അവർ നേരിട്ടു കൊണ്ടിരിക്കുന്ന അനീതികൾക്കെതിരെ പ്രതികരിച്ച് തുടങ്ങി. ആ മതിൽക്കെട്ടിനകത്ത് നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾ പുറംലോകത്തോട് വിളിച്ച് പറഞ്ഞു.
കൂട്ടത്തിൽ തട്ടമിട്ട കുട്ടിയെ കണ്ടപ്പോൾ സമരക്കാരെ ‘ജിഹാദികൾ’ എന്ന് വിളിച്ച് വർഗീയത വാരിവിതറാൻ നോക്കിയപ്പോൾ അവർ ശക്‌തിയുക്തം പ്രതികരിച്ചു. അരാഷ്‌ട്രീയതക്ക് അടയിരുത്തിയ മക്കൾ ‘വർഗീയത തുലയട്ടെ’ എന്ന് ചങ്ക് പൊട്ടുമാറുച്ചത്തിൽ വിളിച്ചു. അവിടം കൊണ്ടൊന്നും തീരാതെ അമൽജ്യോതിക്കകത്തെ കഥകൾ പുറത്ത് വന്നുകൊണ്ടേയിരിക്കുന്നു.
പെൺകുട്ടികൾക്ക് മാത്രമായി കോളേജിൽ നിന്ന് ഹോസ്‌റ്റലിലേക്ക് നടക്കാൻ ആകാശപാത! ഹോസ്‌റ്റലിൽ കുളിക്കുമ്പോൾ പാട്ട് കേട്ടതിന് എഴുതപ്പെട്ട ക്ഷമാപണം! പെൺകുട്ടികൾ ഹോസ്‌റ്റലിൽ ഷോർട്‌സ് ധരിച്ചാൽ അത് മാറി പാൻ്റ് ധരിച്ചു വരും വരെ ഭക്ഷണമില്ല! ഫോണിലെ പ്രൈവറ്റ് മെസേജുകൾ നോക്കുന്നു, ഫോൺ പിടിച്ച് വെക്കുന്നു! ആൺകുട്ടികളുടെ അടുത്തിരിക്കുന്ന പെൺകുട്ടികളെ സ്ലട്ട്‌ഷെയിം ചെയ്യുന്നു.
ഇനിയുമിനിയും വസ്‌തുതകൾ ആരോപിതയായ സിസ്‌റ്റർ മായക്കും മറ്റധ്യാപകർക്കുമെതിരെ കേട്ടു. ഇത്രയും കുട്ടികൾ പറയുന്നത് പോരാഞ്ഞ് പൂർവ്വവിദ്യാർത്‌ഥികളുടെ അനുഭവങ്ങൾ കൂടി ചേർത്ത് വായിക്കണം . ആൺപെൺഭേദമില്ലാതെ കഥകൾ ചുരുളഴിഞ്ഞു കൊണ്ടേയിരിക്കുകയാണ്.
ഇപ്പോ ഇതൊന്നും പോരാഞ്ഞിട്ട് ഇതെല്ലാം തുറന്ന് പറഞ്ഞ വിദ്യാർത്‌ഥികളുടെ ചിത്രങ്ങൾ ഉൾപ്പെടെ ‘വാണ്ടഡ്’ പോസ്‌റ്ററുകൾ ഇറക്കുന്നു! കൃസംഘികൾ ഈ വിഷയമേറ്റെടുത്ത് കഴിഞ്ഞു.
ഇതൊരു പക്ഷേ, മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. അച്ചടക്കം പുഴുങ്ങിത്തിന്നാൻ ഇത്തരം സ്‌ഥാപനങ്ങളിലേക്ക് മക്കളെ പറഞ്ഞയക്കുന്ന അച്‌ഛനമ്മമാരെക്കൂടെ ചേർത്ത് തന്നെ പറയണം. പതിനെട്ട് കഴിഞ്ഞ സ്വതന്ത്രവ്യക്‌തികളാണ് പ്രഫഷണൽ ഡിഗ്രിക്ക് കയറുന്നത്. അവർക്ക് നല്ല നിലവാരത്തിൽ പഠിക്കാനുള്ള സൗകര്യങ്ങളുണ്ടോ എന്നുറപ്പു വരുത്തുന്നതിനപ്പുറം, ഇമ്മാതിരി സദാചാരപ്പോലീസ് കളിക്കുന്ന പാരൻ്റ്‌സ് മീറ്റിംഗും അച്‌ഛനമ്മമാരെ ഒറ്റക്കും തെറ്റക്കും വിളിച്ച് വരുത്തി ഗിരിപ്രഭാഷണം നടത്തുന്നതുമെല്ലാം നിർത്തേണ്ട പ്രക്രിയകളാണ്. ഇതൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ. ഇനിയെങ്കിലും ഇജ്ജാതി എടങ്ങേറുകൾ ഉണ്ടാകാതിരിക്കട്ടെ. ശ്രദ്ധക്ക് നീതി കിട്ടട്ടെ.