മലയാളത്തിലെ ന്യൂസ് ചാനലുകളുടെ നിരയിലേക്ക് അത്യാധുനിക സങ്കേതികവിദ്യയുടെ പിന്തുണയോടെ വീണ്ടും എത്തുന്നു എന്ന അവകാശവാദവുമായി എത്തിയ റിപ്പോര്‍ട്ടര്‍ ടിവി റേറ്റിങ്ങ് കണക്കില്‍ ഏറ്റവും പിന്നിൽ എന്ന് റിപ്പോർട്ടുകൾ. നിലവിൽ കേരളത്തിൽ ലഭ്യമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി വന്‍ പ്രതീക്ഷയോടെയാണ് റിപ്പോര്‍ട്ടര്‍ ടിവി പുതിയ മാനേജ്‌മെന്റിന് കീഴിൽ വീണ്ടും എത്തിയത്. എന്നാല്‍, ചാനല്‍ റേറ്റിങ്ങ് കണക്കില്‍ ഏറ്റവും പിന്നിലായി. 2.20 പോയിന്റ് മാത്രമാണ് ചാനലിന് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ 27 ആഴ്ചയിലെ മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ ഏഷ്യാനെറ്റ് ന്യുസ് റേറ്റിങ്ങില്‍ അധിപത്യം നിലനിർത്തി ഒന്നാമതാണ്. 92 പോയിന്റുകളുമായി ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നേടിയപ്പോൾ തൊട്ടുപിറകില്‍ 84 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. മൂന്നാം സ്ഥാനത്ത് 55 പോയിന്റുമായി മനോരമ ന്യൂസും നാലാം സ്ഥാനത്തിൽ മാതൃഭൂമി ന്യൂസും ഉണ്ട്.
അതേസമയം, 26 ആഴ്ചവരെ അഞ്ചാം സ്ഥാനത്ത് നിലനിന്നിരുന്ന ജനം ടിവിയെ മറികടന്ന് സിപിഎം നേതൃത്വത്തിലുള്ള കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്ത് എത്തി . 21 പോയിന്റാണ് കൈരളിക്ക് ലഭിച്ചത്. 19 പോയിന്റ് നേടി ഇത്തവണ ആറാം സ്ഥാനത്ത് എത്താന്‍ മാത്രമെ ജനം ടിവിക്ക് സാധിച്ചിട്ടുള്ളു.
പട്ടികയിൽ ഏഴാം സ്ഥാനത്ത് ഉള്ളത് ന്യൂസ് 18 കേരളയാണ്. 15 പോയിന്റാണ് റാങ്കിങ്ങില്‍ ചാനലിന് നേടാനായത്. ഏറ്റവും പിന്നിലായി എട്ടാം സ്ഥാനത്തുള്ളത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. കഴിഞ്ഞ 26 ആഴ്ചയിലും ഒന്നം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു.