1938- ൽ തിരുവിതാംകൂറിലെ കൊല്ലത്താണ് കൃഷ്ണൻ നായർ എന്ന ജയൻ ജനിച്ചത്. കൊട്ടാരം വീട്ടിൽ മാധവൻ പിള്ളയുടെയും അമ്മ ഭാരതിയമ്മയുടെയും മൂത്തമകനാണ് ജയൻ. അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ സോമൻ നായർ.
കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം ജയൻ ഇന്ത്യൻ നേവിയിൽ ചേർന്നു. നാവികസേനയിലെ സഹപ്രവർത്തകരുടെയും, ബന്ധുവായ ചലച്ചിത്ര നടി ജയഭാരതിയുടെയും പ്രോത്സാഹനമാണ് ‘ ജയൻ’ എന്ന നടന വിസ്മയത്തിൻ്റെ ജനനത്തിന് കാരണം.
16 വർഷം ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിച്ച ശേഷം, ജയൻ ചലച്ചിത്രമേഖലയിൽ ഒരു കൈ നോക്കുകയായിരുന്നു എന്നതാണ് ശരി. 1974-ൽ പുറത്തിറങ്ങിയ ശാപമോക്ഷം എന്ന സിനിമയിൽ ജയൻ അരങ്ങേറ്റം കുറിച്ചു. 1974 മുതൽ 1980 വരെയുള്ള സജീവ അഭിനയത്തിന്റെ ആറുവർഷങ്ങൾക്കിടയിൽ 116 ചിത്രങ്ങൾ.
അനീതികൾക്കെതിരെ പ്രതികരിക്കുന്ന രോഷാകുലനായ നായകൻ എന്ന സൂപ്പർ ഹീറോ പരിവേഷത്തോടെ മലയാളി മനസ്സുകളെ കീഴടക്കിയ ജയൻ ശബ്ദം കൊണ്ടും സ്റ്റൈലുകൊണ്ടും അപകടകരമായ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിലും പ്രശസ്തനായിരുന്നു.
ജീവിച്ചിരിക്കെ വാഴ്ത്തപ്പെട്ട മഹാരഥന്മാരെല്ലാം മരണശേഷം ഏതാനും വർഷങ്ങൾ പിന്നിടുമ്പോൾ മറവിയുടെ ഗർത്തങ്ങളിലേക്ക് മറഞ്ഞു പോകുമ്പോഴും ജയൻ സൂര്യതേജസ്സോടെ കത്തി നിൽക്കുന്നു. അദ്ദേഹത്തിന്റെ സംഭാഷണ ശൈലിയിലും, അദ്ദേഹത്തിന്റെ മാസ്മരിക പ്രതിച്ഛായയും ഒരു പുതിയ ശൈലി തന്നെ 2000-മാണ്ടിൽ മലയാളക്കരയിൽ കോമഡി താരങ്ങൾ കടമെടുത്തു. അതോടെ പുതിയ തലമുറ ജയൻ എന്ന യശശരീരനായ അഭിനയ പ്രതിഭയെ ഒരു കോമഡി താരമായി തെറ്റിദ്ധരിക്കുക വരെ ചെയ്തു.
ജയന്റെ മരണശേഷം, ജയന്റെ ഇളയ സഹോദരൻ സോമൻ നായർ (അജയൻ) കുറച്ച് സിനിമകളിൽ അഭിനയിച്ചു. എന്നാൽ ജയൻ നേടിയ വിജയം അദ്ദേഹത്തിന് സിനിമകളിൽ നിന്നും കിട്ടിയില്ല. അജയൻ്റെ ഇളയ മകൻ ‘ആദിത്യൻ ജയൻ’ ടിവി സീരിയൽ നടനാണ്.
1980 നവംബർ 16 ന്, 41 വയസ് പ്രായമുള്ളപ്പോൾ കോളിളക്കം എന്ന സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ ജയൻ മരിച്ചു. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടയിൽ സുകുമാരൻ ഓടിക്കുന്ന മോട്ടോർ ബൈക്കിൽ നിന്നും ഹെലികോപ്റ്ററിൽ ചാടിക്കയറുന്ന ഭാഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടം.
വർഷങ്ങളായി നിലനിന്നിരുന്ന നായക സങ്കൽപ്പത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും കൂടുതൽ പൗരുഷ സ്വഭാവങ്ങളുള്ള ചലച്ചിത്ര കഥാപാത്രങ്ങൾ മലയാള സിനിമയിൽ വരുന്നതിനു ജയൻ്റെ അഭിനയ പാടവം കാരണമാവുകയും ചെയ്തു. ജയൻ എന്ന നടന വിസ്മയം ഇന്ന് ജീവിച്ചിരുന്നെങ്കിൽ 84-ൻ്റെ നിറവിൽ ഇന്ന് മലയാള സിനിമയുടെ കാർന്നോരായി കണ്ടേനെ.