കായിക രംഗത്തെ താരങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കനത്ത അവഗണനയാണ്. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ തന്നെ നിരന്തരമായ പരിശീലനത്തിലൂടെ പഠനം പോലും ഉപേക്ഷിച്ചാണ് പല കായിക താരങ്ങളും മെഡലുകൾ നേടിയെടുക്കുന്നത്. ഒളിമ്പിക്സിലും, ഏഷ്യൻ ഗെയിംസിലും പങ്കെടുത്ത് രാജ്യത്തിനാകെ മാതൃകയായ പല കായിക താരങ്ങൾക്കും സർക്കാർ ഇതുവരെ പ്രഖ്യാപിച്ച ജോലി ഉൾപ്പടെ നൽകിയിട്ടില്ല.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ കായിക താരങ്ങൾക്ക് നല്ല പ്രോത്സാഹനമാണ് നൽകുന്നത്. ചെസ്സ് ചാമ്പ്യൻഷിപ്പിന് പോയി മടങ്ങി വന്ന പ്രഗ്നാനന്ദയ്ക്ക് തമിഴ്നാട് സർക്കാർ നൽകിയ സ്വീകരണം അതിന് വലിയ ഉദാഹരണമാണ്. കേരളത്തിലെ ഓരോ കായിക താരവും ആഗ്രഹിക്കുന്നത് ജയിച്ച് മെഡലുമായി വരുമ്പോൾ സർക്കാരിൽ നിന്നുള്ള പ്രോത്സാഹനവും അവർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ജോലിയുമാണ്.
കഴിഞ്ഞ തവണ പോയപ്പോൾ പ്രഖ്യാപിച്ച ജോലി പോലും ഇതുവരെ പലർക്കും ലഭിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി പി.യു. ചിത്ര ഉൾപ്പടെയുള്ള പല കായിക താരങ്ങളും ഇതിനെതിരെ പ്രതികരിച്ചിരുന്നു. എന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കാം, യോഗ്യരായവരെ പരിഗണിക്കാം എന്ന ഉറപ്പ് മാത്രമാണ് സർക്കാർ നൽകിയിട്ടുള്ളത്. ഇത്തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് ഹോക്കിയിൽ മെഡൽ നേടി എത്തിയ ഒളിമ്പ്യൻ ശ്രീജേഷും സർക്കാരിനെതിരെ രംഗത്ത് എത്തി. മെഡൽ നേടി നാട്ടിൽ എത്തിയിട്ടും ആരും വിളിച്ചില്ലെന്ന് ശ്രീജേഷ് പ്രതികരിച്ചു.
ഏറ്റവും നല്ല പ്രായത്തിൽ രാജ്യത്തിന് അഭിമാനമാകുന്ന കായിക താരങ്ങളോടുള്ള ഈ അവഗണന ദോഷം ചെയ്യും. ഭാവിയിൽ പുതിയ കായിക പ്രതിഭകൾ മേഖലയിലേക്ക് കടന്ന് വരാതാകും. കളിച്ചു നടന്നാൽ ജോലി കിട്ടില്ലെന്നും പഠിച്ചാൽ മാത്രമേ ജോലിയുണ്ടാകൂ എന്ന ബോധ്യം വന്നാൽ പലരും മേഖലയിലേക്ക് വരുന്നതിന് മടിക്കും. നിലവിലുള്ള കായിക താരങ്ങൾ സംസ്ഥാനം വിടുമെന്ന് പ്രഖ്യാപനവും ഇത്തരം അവഗണനയുയുടെ ഭാഗമായി സംഭവിക്കുന്നതാണ്.



