ഉപഭോക്താക്കള്‍ക്ക് വലിയ ശല്യമായ സ്‌പാം കോളുകളെയും മെസേജുകളെയും തടയാന്‍ ഭാരതി എയര്‍ടെല്‍ എഐ സാങ്കേതികവിദ്യ അവതരിപ്പിച്ചു. കോടിക്കണക്കിന് സ്‌പാം കോളുകളെയും മെസേജുകളെയും ഒരുസമയം വിശകലനം ചെയ്ത് ഉപഭോക്താക്കളെ മുന്നറിയിപ്പാക്കാന്‍ ശേഷിയുള്ള എഐ സംവിധാനമാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. ദിവസത്തില്‍ 10 കോടി സ്‌പാം കോളുകളും 30 ലക്ഷം സ്‌പാം മെസേജുകളും തിരിച്ചറിയാന്‍ പുതിയ സംവിധാനം സാധ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് സ്‌പാം കോളുകള്‍ക്കും മെസേജുകള്‍ക്കും പരിഹാരം കാണാന്‍ രാജ്യത്തെ ആദ്യ എഐ അടിസ്ഥാനത്തിലുള്ള ഫ്ലാഗിംഗ് സംവിധാനം കൊണ്ടുവന്നു. ഉപഭോക്താക്കള്‍ക്ക് തത്സമയം മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം, ഈ സംവിധാനം സൗജന്യമായി ലഭ്യമാകുമെന്നതും പ്രത്യേകമായി സെറ്റിംഗ് മാറ്റം നടത്താതെ തന്നെ ആക്ടീവ് ആകുമെന്നതും എയര്‍ടെല്‍ വ്യക്തമാക്കി.
റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍, ടാറ്റ ടെലിസര്‍വീസ് തുടങ്ങിയ ടെലികോം കമ്പനികളുമായും സ്പാം കോളുകള്‍ തടയുന്നതിന് ഭാവിയില്‍ സഹകരിക്കാന്‍ എയര്‍ടെല്‍ ശ്രമിക്കുന്നുണ്ട്. കമ്പനിയുടെ സിഇഒ ഗോപാല്‍ വിറ്റല്‍ ഈ മാസം മധ്യേ മറ്റു ടെലികോം കമ്പനികളുടെ തലവന്‍മാരോട് സഹകരണത്തിന്റെ ആവശ്യവുമായി കത്തെഴുതിയിരുന്നു.
രാജ്യത്തെ 10ല്‍ ആറ് ടെലികോം ഉപഭോക്താക്കള്‍ക്കും ദിവസവും ശരാശരി മൂന്ന് സ്‌പാം കോളുകള്‍ ലഭിക്കുന്നുണ്ടെന്നാണ് ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വേ പറയുന്നു. സ്‌പാം മെസേജുകളുടെ കാര്യത്തിലും 76% ഉപഭോക്താക്കള്‍ ഒരു ദിവസം മൂന്നോ അതിലധികമോ സ്‌പാം മെസേജുകള്‍ സ്വീകരിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടത്തിയ മുന്നറിയിപ്പിന് പിന്നാലെയാണ് എയര്‍ടെല്‍ എഐ ടൂളുമായി രംഗത്തുവന്നത്.