ഗൂഗിള്‍ ജെമിനി എഐ ഇനി മലയാളം ഉള്‍പ്പെടെയുള്ള ഒമ്പത് ഇന്ത്യൻ ഭാഷകളിൽ സംസാരിക്കും. വ്യാഴാഴ്‌ച ‘ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2024’ പരിപാടിയിലാണ് ഗൂഗിള്‍ ഈ പുതിയ അപ്ഡേറ്റിനെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. കോൺവർസേഷണൽ എഐ ഫീച്ചർ എന്ന പുതിയ സംവിധാനത്തിലാണ് ജെമിനി മലയാളം അടക്കമുള്ള ഭാഷകളില്‍ ശബ്‌ദ നിർദേശങ്ങൾ ഏറ്റുവാങ്ങി, ശബ്ദംകൊണ്ട് തന്നെ മറുപടി നല്‍കുന്നത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യൻ ഭാഷകളാണ് ജെമിനി എഐയ്ക്ക് ഇനി തിരിച്ചറിയാനാവുക. ഉപഭോക്താക്കൾക്ക് അവരുടെ മാതൃഭാഷയിൽ എഐയുമായി സൗകര്യപ്രദമായ ആശയവിനിമയം നടത്താൻ ഇത് സഹായകരമാകും.
ജെമിനി എഐയുടെ അഡ്വാൻസ്‌ഡ് പതിപ്പുകൾക്കായിരുന്നു ആദ്യം ഈ ഫീച്ചർ ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ സേവനം സൗജന്യമായി ലഭിക്കുന്നതായി ഗൂഗിള്‍ അറിയിച്ചു.
ജെമിനി ലൈവിന് പുറമെ, ഗൂഗിള്‍ സെർച്ചിലെ എഐ ഓവർവ്യൂ ഫീച്ചറിലും നിരവധി ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തുകയുണ്ടായി. ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലാണ് ഗൂഗിള്‍ സെർച്ചിൽ പുതിയ ഫീച്ചറുകൾ എത്തിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ ഭാഷയിൽ തന്നെ എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള സൗകര്യം ഉണ്ട്.
അധ്യാപകർ, സംരംഭകർ, കലാകാരന്മാർ തുടങ്ങി വിവിധ മേഖലകളിലുള്ള ആളുകൾക്ക് ഈ ഫീച്ചർ ഉപകാരപ്രദമാവുമെന്നും, ജെമിനി എഐ ഉപയോക്താക്കളിൽ 40% പേരും വോയ്‌സ് ഫീച്ചർ ഉപയോഗിക്കുന്നവരാണെന്നും ഗൂഗിള്‍ സെർച്ച് പ്രോഡക്റ്റ് ലീഡർ ഹേമ ബുധരാജു അറിയിച്ചു.