വ്യാജവിവരങ്ങൾക്കും അപകടകരമായ ലിങ്കുകൾക്കും തിരിച്ചടി നൽകാൻ വാട്‌സ്ആപ്പ് പുതിയ ഫീച്ചർ പരീക്ഷണത്തിന് ഇറക്കിയിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് അവരുടെ ചാറ്റുകളിലെ ലിങ്കുകളുടെ വിശ്വാസ്യതയും ആ സന്ദേശങ്ങളിലെ വിവരങ്ങളുടെ യാഥാർത്ഥ്യവും പരിശോധിക്കാൻ സഹായിക്കുന്ന ഈ സുരക്ഷാ സംവിധാനത്തിൻ്റെ പരീക്ഷണം ഇപ്പോൾ ആൻഡ്രോയിഡ് ബീറ്റ 2.24.20.28 പതിപ്പിൽ നടപ്പിലാക്കുകയാണെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് വാട്‌സ്ആപ്പ് ഇത്തരം ഒരു ഫീച്ചർ പരിഗണിക്കുന്നത്. വ്യാജലിങ്കുകളും തെറ്റായ വാർത്തകളും പ്രചരിക്കുന്നത് തടയാനുള്ള സംരക്ഷണമികവാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
യുആർഎൽ അടങ്ങിയ സന്ദേശങ്ങൾ ലഭിച്ചാൽ, ഉപഭോക്താക്കൾക്ക് ആ ലിങ്ക് സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ പുതിയ ഫീച്ചർ സഹായിക്കും. സന്ദേശത്തിൽ നൽകിയിരിക്കുന്ന വിവരങ്ങളും ലിങ്കിലൂടെ കാണിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും തമ്മിൽ പൊരുത്തമുണ്ടോ എന്ന് നോക്കുകയും ഗൂഗിളിൻ്റെ സഹായത്തോടെ പരിശോധന നടത്തുകയും ചെയ്യും.
ഈ ഫീച്ചറിൻ്റെ പ്രധാന സവിശേഷതയാണ് ഉപഭോക്താവിന് സമ്പൂർണ സ്വകാര്യത ഉറപ്പാക്കുന്ന രീതിയിൽ ലിങ്ക് പരിശോധിക്കാൻ അവസരമുണ്ടാവുക. വിവരങ്ങൾ എവിടെയും സൂക്ഷിക്കപ്പെടുകയോ ശേഖരിക്കപ്പെടുകയോ ചെയ്യില്ല. ഇതുവഴി ഉപഭോക്താക്കളെ അപകടകരമായ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്ന പ്രക്രിയകളിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയും.
വാട്‌സ്ആപ്പ് വഴി വ്യാജവിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്ന പ്രശ്‌നം പരിഹരിക്കാൻ ഈ ഫീച്ചർ വലിയ സഹായം ചെയ്യും. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്ന വാട്‌സ്ആപ്പിൻ്റെ ഈ നീക്കം. ഉപയോക്താക്കളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിലേക്കും സുരക്ഷിത സൈബർ ഇടപാടുകൾക്കുമായി വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.