മനുഷ്യ സാദൃശ്യമുള്ള ഹ്യൂമനോയിഡ് റോബോട്ടുകളുടെ പുതിയ നിരയെ ഇലോൺ മസ്‌കിന്റെ ടെസ്‌ല കമ്പനി ‘വീ റോബോട്ട്’ ഇവന്റിൽ അവതരിപ്പിച്ചു. ‘ഒപ്റ്റിമസ്’ എന്നറിയപ്പെടുന്ന ഈ റോബോട്ടുകൾ ദൈന്യദിനജോലികൾ കൂടുതൽ എളുപ്പമാക്കാൻ ഡിസൈൻ ചെയ്തതാണെന്നും, മനുഷ്യരെ പോലെ നിരവധി ജോലികൾ നിർവഹിക്കാൻ കഴിയുന്നതാണെന്നും മസ്‌ക് പറഞ്ഞു.
വീട്ടിലെ പാഴ്സലുകൾ സ്വീകരിക്കുന്നത് മുതൽ അടുക്കള ജോലികൾ വരെ ചെയ്യാനാകുന്ന ഒപ്റ്റിമസ്, ഇതുവരെ കണ്ടതിലേതിലും മികച്ച റോബോട്ടുകളായിരിക്കുമെന്ന് മസ്‌ക് അവകാശപ്പെട്ടു. റോബോട്ടുകൾ ആളുകൾക്കൊപ്പം നടക്കുകയും, നിരവധി ജോലികൾ ഏറ്റെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഭാവിയിൽ ബാർ അറ്റൻഡറായി പ്രവർത്തിക്കാനാകുന്ന തരത്തിലേക്കും ഈ ഹ്യൂമനോയിഡുകൾ വികസിപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
20,000 മുതൽ 30,000 ഡോളർ വരെ വില പ്രതീക്ഷിക്കുന്ന ഒപ്റ്റിമസ് ഹ്യൂമനോയിഡുകൾ ഭാവിയിൽ ദശലക്ഷക്കണക്കിന് നിർമ്മിക്കപ്പെടുമെന്ന് മസ്‌ക് പ്രഖ്യാപിച്ചു. 2021-ൽ റോബോട്ട് സ്യൂട്ട് ധരിച്ച ഒരു പെർഫോർമറിലൂടെ ആദ്യമായി പരിചയപ്പെടുത്തപ്പെട്ട ഈ വിസ്മയ ഉൽപ്പന്നം, ഇപ്പോൾ സാക്ഷാത്കാരമായിരിക്കുകയാണ്. 2024ന്റെ അവസാനത്തോടെ ഒപ്റ്റിമസ് വിപണിയിലെത്തുമെന്നും, വില്പനയുടെ തിയതി ഉടൻ അറിയിക്കുമെന്നുമാണ് ടെസ്‌ലയുടെ പ്രഖ്യാപനം.