വരും ദിവസങ്ങളിൽ ഭൂമിയെ സ്വാധീനിച്ചേക്കാവുന്ന അതിശക്തമായ സൗരകൊടുങ്കാറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി നാസ. സൂര്യനില്‍ പലയിടത്തും ശക്തമായ പൊട്ടിത്തെറികള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സൂര്യന്‍ സോളാർ മാക്സിമം എന്ന ഘട്ടത്തിലെത്തിയതായും നാസയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനും (NOAA) സ്ഥിരീകരിച്ചു.
സോളാർ മാക്സിമം എന്ന് പരാമർശിക്കുന്നത് ഒരു സോളാർ സൈക്കിളിനിടെ സൂര്യനില്‍ ഏറ്റവും കൂടുതൽ സോളാർ ആക്റ്റിവിറ്റികള്‍ നടക്കുന്ന കാലയളവാണ്. ശരാശരി 11 വർഷം കൊണ്ട് ഒരിക്കലാണ് ഇത് സംഭവിക്കുക. 2025 വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന നിലവിലെ സോളാർ സൈക്കിള്‍ ‘സൈക്കിള്‍ 25’ എന്ന് അറിയപ്പെടുന്നു.
ഒക്ടോബർ മാസത്തില്‍ വ്യാപകമായി രൂപപ്പെട്ട അതിശക്തമായ സൗരജ്വാലകള്‍ ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ഭൂമിയുടെ അതിമനോഹരമായ ധ്രുവദീപ്തി, അഥവാ നോർത്തേൺ ലൈറ്റ്സ്, സൃഷ്ടിക്കും. ഈ പ്രകൃതി പ്രതിഭാസം പൊതുവെ ഇന്ത്യയിലെ ലേയ്, ലഡാക്ക് പ്രദേശങ്ങളിൽ ദൃശ്യമാകാറുണ്ട്.
സൗരകൊടുങ്കാറ്റുകള്‍ മനുഷ്യരെ നേരിട്ട് ബാധിക്കാറില്ലെങ്കിലും, റേഡിയോ പ്രക്ഷേപണങ്ങളിലും നാവിഗേഷൻ സിഗ്നലുകളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പവര്‍ഗ്രിഡുകള്‍ തകരാറിലാകാനിടയുണ്ട്, കൂടാതെ സാറ്റ്‌ലൈറ്റുകള്‍ക്ക് പ്രഭാവം നേരിടേണ്ടിവരും.