പ്രകൃതിയിലെ വിവിധ ആവാസവ്യവസ്ഥകളിൽ സ്വാഭാവികമായി ആൽക്കഹോൾ അംശം കണ്ടെത്താൻ സാധിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. മനുഷ്യരല്ലാതെ മറ്റു ജീവികളും മദ്യം ഉപയോഗിക്കുന്നുണ്ടെന്നു സൂചിപ്പിക്കുന്ന പുതിയ പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മധുരവും പുളിയുമുള്ള പഴങ്ങൾ, തേൻ, ചെടികളുടെ നീർ എന്നിവ ഭക്ഷണമാക്കുന്ന ജീവികളിൽ ലഹരി സ്വാഭാവികമായി ശരീരത്തിലെത്തുന്നു എന്നാണ് പഠനം.
മദ്യ ഉപഭോഗം മനുഷ്യരിൽ മാത്രം സംഭവിക്കുന്നതല്ലെന്ന തെറ്റിദ്ധാരണ മാറ്റണമെന്നും പ്രകൃതിയിൽ ലഭ്യമായ പല ഭക്ഷണങ്ങളിലും തന്നെ ആൽക്കഹോൾ അംശം കാണപ്പെടുന്നുവെന്നുമാണ് ഗവേഷകരുടെ അഭിപ്രായം. വിവിധ ജീവികളിൽ ആൽക്കഹോളിൻ്റെ സ്വാധീനം പഠിച്ച ഗവേഷകർ പ്രകൃതിദത്ത ആഹാരത്തിലടങ്ങിയ ആൽക്കഹോൾ അംശം ഇവയുടെ ശരീരത്തിൽ ഉൾപെട്ടിരിക്കുന്നു എന്ന് കണ്ടെത്തി.
പഠനത്തിൽ ആഫ്രിക്കൻ കുരങ്ങന്മാർ ഈന്തപ്പനകളുടെ നീർ അമിതമായി കുടിക്കുന്നതും ചില പഴങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുന്നതും പതിച്ച ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ മദ്യം ആഗിരണം ചെയ്‌ത മാനുകൾ മയങ്ങികിടക്കുന്നതും മരങ്ങൾക്കിടയിൽ കുടുങ്ങുന്നതുമായ കാഴ്‌ചകളും ലഭിച്ചു.
മദ്യം കഴിക്കുന്ന ജീവികളിൽ കലോറിക്കപ്പുറം മറ്റ് ചില സ്വഭാവങ്ങൾ കൂടി രൂപപ്പെടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. പുളിച്ച പഴങ്ങൾ ഉപഭോഗിക്കുന്ന ജീവികളിൽ മെറ്റബോളിസം വേഗത്തിൽ പൂർത്തിയാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ചില പ്രാണികളിൽ മദ്യത്തിൻ്റെ സ്വാധീനം വ്യക്തമായാണ് കാണുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ചില ആൺ ഈച്ചകൾ പെൺ ഈച്ചകളിൽ നിന്നും നിരസിക്കപ്പെടുമ്പോൾ ലഹരി ലഭിക്കുന്ന ഭക്ഷണങ്ങൾ തേടി പോകുന്ന രീതിയാണ് കണ്ടത്തെിയത്. മറ്റൊരു വിഭാഗത്തിലെ പെൺ ഈച്ചകളിലും ലഹരിയുടെ സ്വാധീനമുണ്ട്. ഇണയെ വിട്ട് പോകുന്ന സ്വഭാവമാണ് ഇവയിൽ കാണുന്നത്. പഠനത്തിൻ്റെ അടുത്തഘട്ടം മദ്യം കാട്ടുമൃഗങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന് പഠിക്കുന്നത് ആയിരിക്കുമെന്ന് ഗവേഷകർ പറയുന്നു.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം!