സംസ്ഥാന ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ ഇന്ന് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെപിസിസിഅധ്യക്ഷൻ കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായും, പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞതോടെയാണ് സന്ദീപ് പാർട്ടിയുമായും മാനസികമായി അകന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് ഇരിപ്പിടം നൽകാതെ വന്നപ്പോൾ ആ തർക്കം മുറുകിയിരുന്നു. സന്ദീപ് അന്ന് പിണങ്ങി വേദി വിടുകയും ചെയ്തിരുന്നു.
അതിനു പിന്നാലെ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് രംഗത്തെത്തിയിരുന്നു. തന്റെ അമ്മ മരിച്ചപ്പോൾ സി കൃഷ്ണകുമാർ കാണാൻ വന്നിരുന്നില്ലെന്നും എന്നാൽ രാഷ്ട്രീയ പ്രതിയോഗികളായ നേതാക്കൾ പലരും വന്നിരുന്നുവെന്നും എന്നാൽ സി കൃഷ്ണകുമാർ വന്നില്ലെന്നും പറഞ്ഞ് സന്ദീപ് രംഗത്തുവന്നിരുന്നു. വിമർശനപരമായ ആ കുറിപ്പ് സന്ദീപ് വൈകാരികമായാണ് അവസാനിപ്പിച്ചിരുന്നത്.
ആർഎസ്എസ്, ബിജെപി നേതാക്കൾ അടക്കം നിരവധി തവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. അതിനുശേഷം സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിപിഎം നേതാവ് എകെ ബാലന്‍ പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സന്ദീപ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കുന്നത്.