ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത മിസൈല്‍ ഒഡീഷ തീരത്തുള്ള ഡോ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് വിക്ഷേപിച്ചത്. ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുടെയും സായുധ സേനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു വിമാന പരീക്ഷണം. 1500 കിലോ മീറ്ററില്‍ കുടുതല്‍ പ്രഹരശേഷിയുള്ളതാണ് മിസൈല്‍.
രാജ്യത്തിന്റെ സൈനികശേഷിക്ക് മുതല്‍ക്കൂട്ടാവുന്ന പരീക്ഷണമാണ് നടത്തിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പരീക്ഷണത്തോടെ സൈനികശേഷിയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡോ.എ.പി.ജെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.
വിവിധ ട്രാക്കിങ് സംവിധാനങ്ങള്‍ മിസൈലിനിന്റെ പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന കൃത്യതയോടെയാണ് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും വിവിധ ട്രാക്കിങ് സംവിധാനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.
മറ്റ് ഡിആര്‍ഡിഒ ലാബുകളുമായും നിരവധി വ്യവസായ പങ്കാളികളുമായും സഹകരിച്ച് ഹൈദരാബാദിലെ ഡോ എപിജെ അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലക്സിലെ ലബോറട്ടറികള്‍ നടത്തിയ വിപുലമായ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍.
റഷ്യ, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് ഹൈപ്പർസോണിക് ആയുധ മേഖലയിലെ മുൻനിര രാജ്യങ്ങൾ. ഉത്തര കൊറിയ പോലുള്ള മറ്റ് രാജ്യങ്ങളും പരീക്ഷണങ്ങൾ നടത്തിയതായി അവകാശപ്പെടുന്നു. ഈ വേനൽക്കാലത്ത്, ഉത്തര കൊറിയ ഒരു ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ സൈന്യം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ പരീക്ഷണം പരാജയപ്പെട്ടതായി അവർ സൂചിപ്പിച്ചു.