കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തിൽ അറ്റ്ലാന്റിക് മേഖലയിലെ ചുഴലിക്കാറ്റുകളുടെ തീവ്രതയും വേഗതയും വളരുന്നതായി പഠനം. അമേരിക്കയുടെ നാഷണൽ വെതർ സർവീസിന്റെ കാറ്റ് നിരീക്ഷണങ്ങളും സഫീർ-സിംപ്സൺ ഹരികെയ്ൻ സ്കെയിലിൽ ഉള്ള മാറ്റങ്ങൾ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ. നവംബർ 20-ന് എൻവയോൺമെന്റ് റിസർച്ച് മാസികയിലാണ് പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.
2019 മുതൽ 2023 വരെ, ചുഴലിക്കാറ്റുകളുടെ പരമാവധി വേഗത, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി, മണിക്കൂറിൽ ശരാശരി 29 കിലോമീറ്റർ വർധിച്ചതായി പഠന റിപ്പോർട്ട് പറയുന്നു. ഭൂമധ്യരേഖ ചൂടാകുന്നതും ഈ ചൂട് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പുനർവിതരിക്കുന്നതുമാണ് വേഗതയിലെ വർധനവിന് കാരണമെന്ന് ഓർലാൻഡോ കാലാവസ്ഥാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡാനിയൽ ഗിൽഫോർഡ് വിശദീകരിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം കണ്ടെത്താൻ ഗിൽഫോർഡും സംഘവും പുതിയ പഠന രീതി വികസിപ്പിച്ചു. സമുദ്രോപരിതല താപനിലയുടെ ചരിത്രം അടിസ്ഥാനമാക്കിയുള്ള ഈ പഠനം, കാലാവസ്ഥാ വ്യതിയാനം ആരംഭിക്കുന്നതിന് മുൻപും ശേഷവും വടക്കൻ അറ്റ്ലാന്റിക് മേഖലയിൽ രൂപപ്പെട്ട കാറ്റുകളുടെ വേഗത പരിശോധിച്ചു. 2019 മുതൽ 2023 വരെ ഉണ്ടായ 38 ചുഴലിക്കാറ്റുകളിൽ 30 എണ്ണം കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രവിഭാഗത്തിൽ എത്തിയെന്ന് പഠനം വ്യക്തമാക്കുന്നു.
2024-ൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ഓരോ ചുഴലിക്കാറ്റിന്റെയും പരമാവധി തീവ്രത മണിക്കൂറിൽ 14 മുതൽ 43 കിലോമീറ്റർ വരെ വർധിപ്പിച്ചെന്നും പഠനം കാണിക്കുന്നു. ഉദാഹരണത്തിന്, ഹെലൻ ചുഴലിക്കാറ്റ് 25 കിലോമീറ്റർ വേഗതയും മിൽട്ടൺ ചുഴലിക്കാറ്റ് 40 കിലോമീറ്റർ വേഗതയും വർധിച്ചതിനെ തുടർന്ന്, ആദ്യത്തേത് നാലാം വിഭാഗത്തിൽ നിന്ന് അഞ്ചാമത്തേക്കും രണ്ടാമത്തേത് മൂന്നാം വിഭാഗത്തിൽ നിന്ന് അഞ്ചാമത്തേക്കും മാറി.
നവംബറിൽ ക്യൂബയിൽ വീശിയടിച്ച റാഫേൽ ചുഴലിക്കാറ്റ് 45 കിലോമീറ്റർ വേഗത വർധിച്ചതോടെ, ഇത് കാറ്റഗറി 1-ൽ നിന്നു കാറ്റഗറി 3-ലേക്ക് ഉയർന്നു. ഈ കണ്ടെത്തലുകൾ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ദൂരവ്യാപകമായ ദോഷപരിണാമങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നതാണ്.