മലാല യൂസഫ്‌സായി തൻ്റെ ജന്മദേശമായ പാകിസ്ഥാനിൽ നടക്കുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഉച്ചകോടിയിൽ പങ്കെടുക്കും. വെള്ളിയാഴ്‌ചയാണ് ഇത് സംബന്ധിച്ച വിവരം മലാല എക്‌സ് പോസ്റ്റിലൂടെ പുറത്തുവിട്ടത്. “പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഈ സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീം നേതാക്കളോടൊപ്പം പങ്കെടുക്കുന്നതിൽ ഞാൻ ആവേശത്തിലാണ്.”
ഞായറാഴ്‌ച എല്ലാ പെൺകുട്ടികൾക്കും സ്‌കൂളിൽ പോകാനുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ചും അഫ്‌ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് നേതാക്കൾ എന്തുകൊണ്ട് താലിബാനെ ഉത്തരവാദികളാക്കണം എന്നതിനെക്കുറിച്ചും സംസാരിക്കും.’ -അവർ കുറിച്ചു. മലാല സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മലാല ചാരിറ്റി ഫണ്ട് വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്.
2012ൽ അഫ്‌ഗാൻ അതിർത്തിക്കടുത്തുള്ള സ്വാത് താഴ്‌വരയിൽ സ്‌കൂൾ ബസിൽ വച്ചുണ്ടായ താലിബാൻ ആക്രമണത്തിന് ഇരയായതോടെ ആണ് മലാല യൂസഫ്‌സായി അറിയപ്പെടുന്നത്. പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആഗോളതലത്തിൽ പ്രവർത്തനം ആരംഭിച്ച മലാല 17-ാം വയസ്സിൽ സമാധാനത്തിനുള്ള ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായി മാറുകയും ചെയ്‌തു. അതിന് ശേഷം യുകെ യിലേക്ക് താമസം മാറിയ മലാല ഏതാനും തവണ മാത്രമാണ് പാകിസ്ഥാനിൽ എത്തിയിട്ടുള്ളത്.
ശനി, ഞായർ ദിവസങ്ങളിൽ പാകിസ്‌താൻ്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഉച്ചകോടി നടക്കുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ 44 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും അംബാസഡർമാരും യുഎൻ, ലോകബാങ്ക് പ്രതിനിധികളും പങ്കെടുക്കും.