അബദ്ധത്തിൽ കുടുങ്ങി പോലീസ് പിടിയിലാകുന്ന കള്ളന്മാരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകാം. പക്ഷെ കൂട്ടത്തോടെ കള്ളനെ പിടിക്കാനിറങ്ങി, സംസ്ഥാനം തന്നെ മാറിപ്പോയ ഒരു പോലീസുകാരുടെ കഥ വായിച്ചിരിക്കാൻ ഇടയില്ല.
ഒരു കുപ്രസിദ്ധ കുറ്റവാളിയെ കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെ പിടികൂടാന്‍ അസം പൊലീസ് ഇറങ്ങിയത്. പക്ഷെ എത്തിയത് നാഗാലാന്റിലും. അസമിലെ ജോര്‍ഹട്ടില്‍ നിന്നുള്ള 16 അംഗ പൊലീസാണ് വഴിതെറ്റിയത്.
നാഗാലാന്‍ഡിലെ മോക്കോചുങ് ഗ്രാമത്തിലാണ് പൊലീസ് സംഘമെത്തിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അവിടെയാകട്ടെ, കൊള്ളസംഘമാണിതെന്ന് കരുതിയ നാട്ടുകാര്‍ കയ്യോടെ പിടികൂടി കെട്ടിയിട്ടു. അവസാനം മോക്കോചുങ് പൊലീസിനെ വിളിച്ച് അസം പൊലീസാണ് വഴി തെറ്റിപ്പോയതാണ് എന്ന് പറഞ്ഞതോടെയാണ് പുറത്തിറങ്ങിയത്.
ഈ പൊലീസ് സംഘത്തിലെ മൂന്ന് പേര്‍ മാത്രമാണ് ഔദ്യോഗിക വേഷത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ മഫ്തിയിലുമായിരുന്നു. ഇതാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. കള്ളന്മാരെന്ന് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ പൊലീസുകാര്‍ പ്രതിരോധിച്ചു. ഇതോടുകൂടി കൂട്ടത്തിലൊരാള്‍ക്ക് ചെറിയ പരുക്കുമേറ്റു.
ഒരു രാത്രി മുഴുവന്‍ നാട്ടുകാരുടെ തടവില്‍ കഴിഞ്ഞശേഷമാണ് പൊലീസുകാര്‍ വെളിച്ചം കണ്ടത്.