സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ റിപ്പോര്‍ട്ടിങ്ങിൽ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം നല്‍കി കേരളാ ഹൈക്കോടതി. മൂന്നിലധികം പരാതികളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, സബ് എഡിറ്റര്‍ എസ്. ഷഹബാസ് അഹമ്മദ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ചാനൽ സംപ്രേഷണം ചെയ്ത പ്രസ്തുത പരിപാടിയില്‍ ക്രിമിനല്‍ കുറ്റകൃത്യം നടന്നതായി വിലയിരുത്താനാകില്ലെങ്കിലും ചില ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു . പക്ഷെ , ഈ വിലയിരുത്തല്‍ അന്വേഷണത്തെ ബാധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
വേദിയിൽ ഒപ്പനയുടെ റിപ്പോര്‍ട്ടിങ്ങിനിടെ റിപ്പോർട്ടർമാർ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നാരോപിച്ച് ശിശുക്ഷേമസമിതി നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നത്. .
എന്നാൽ ഈ വിഷയത്തിൽ കുട്ടിക്കും രക്ഷിതാക്കള്‍ക്കും പരാതിയില്ലെങ്കില്‍ പിന്നെ പബ്ലിസിറ്റിക്ക് വേണ്ടിയാണോ പോലീസ് കേസെടുത്തതെന്ന് നേരത്തേ കോടതി ചോദിച്ചത് സര്‍ക്കാരിനെ വിമര്‍ശിക്കലാണെന്ന തരത്തില്‍ ചാനലില്‍ ചര്‍ച്ച നടത്തിയത് സര്‍ക്കാര്‍ ശ്രദ്ധിയില്‍പെടുത്തി. ഇതിനെ തുടർന്ന് , സര്‍ക്കാറിനെ വിമര്‍ശിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.