സ്കൂട്ടർ പകുതിവില തട്ടിപ്പ് കേസിലെ മൊഴി വിവരങ്ങൾ പുറത്തു വന്നതോടെ അസ്വസ്ഥനായി തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണൻ. പോലീസ് സ്റ്റേഷനിൽ ഇരുന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെ ചില രാഷ്ട്രീയ നേതാക്കൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ മാറ്റണമെന്ന് പ്രതി പോലീസിനോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയാൽ തൻ്റെ ജീവൻ നഷ്ടപ്പെടും എന്ന് പ്രതി പോലീസിനോട് പറഞ്ഞു.
രാഷ്ട്രീയക്കാർ ഉൾപ്പടെ പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കവെ അനന്തുകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ ആസൂത്രണം ചെയ്തത് വൻ തട്ടിപ്പുകൾ. കഴിഞ്ഞ ഏപ്രിലിൽ എൻജിഒ കോൺഫെഡറേഷൻ യോഗത്തിലാണ് അനന്തു പുതിയ തട്ടിപ്പ് പദ്ധതികൾ വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ അപ്പാരൽ പാർക്ക് പദ്ധതിയുടെ ഭാഗമായി ഗാർമെൻ്റ് ക്ലസ്റ്ററുകൾ തുടങ്ങുമെന്ന വ്യാജ വാഗ്ദാനമാണ് യോഗത്തിൽ ഇയാൾ നൽകിയത്.
തൻ്റെ പദ്ധതിയിൽ രൂപതകളുടെ സഹായവുമുണ്ടെന്ന അവകാശവാദവും ഇയാൾ യോഗത്തിൽ നടത്തി. അറുപതിലധികം രൂപതകൾ സഹായിച്ചെന്നാണ് അവകാശവാദം. എന്നാൽ രൂപതകളുടെ പേര് അനന്തു പരാമർശിച്ചിട്ടില്ല. വിദ്യാർഥികളെ ലക്ഷ്യമിട്ട് വൊളൻ്റിയർ ഗ്രാം തുടങ്ങാനിരുന്നു. ലാപ് ടോപ് നൽകിയത് ഇൻസ്റ്റഗ്രാമിന് ബദൽ പ്ലാറ്റ് ഫോം സൃഷ്ടിക്കാൻ എന്ന അവകാശവാദവും അനന്തു കൃഷ്ണൻ നടത്തി. കേരളത്തിലെ വിദ്യാർത്ഥികളെ ഇതിലൂടെ തട്ടിപ്പിൽ പങ്കാളിയാക്കാനായിരുന്നു ഇയാളുടെ നീക്കം. ഈ ആപ്പിനെ പിന്നീട് വിൽക്കുമെന്നും പറഞ്ഞു.
ലാപ്ടോപ് നൽകിയ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും അനന്തു പറഞ്ഞു. ഇതൊരു ബിസിനസ് ആണെന്നും അതിന് വേണ്ടി ഫീൽഡിലിറങ്ങി പണിയെടുക്കാൻ കഴിയുന്ന കുട്ടികളെ ജോബ് പോർട്ടലിലേക്ക് സജ്ജമാക്കുക എന്നതാണ് ലാപ്ടോപ്പ് കൊടുത്തപ്പോൾ ചെയ്തതെന്ന് അനന്തു പറയുന്നു. വ്യവസായ യൂണിറ്റുകൾ തുടങ്ങും എന്നും അനന്തു കൃഷ്ണൻ പ്രചരിപ്പിച്ചു.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും. നൂറിലധികം ഉദ്യോഗസ്ഥരുള്ള അന്വേഷണ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 34 കേസുകളായിരിക്കും ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുക.