മസ്‌കറ്റ്: പൗരത്വ നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഒമാന്‍. കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയ ഒമാനി ദേശീയത നിയമത്തെ കുറിച്ചുള്ള രാജകീയ ഉത്തരവ് പ്രകാരമാണ് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഈ ഉത്തരവ് പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന വിദേശികള്‍ കുറഞ്ഞത് 15 വര്‍ഷമെങ്കിലും തുടര്‍ച്ചയായി രാജ്യത്ത് താമസിച്ചിരിക്കണം.
കൂടാതെ അപേക്ഷകര്‍ക്ക് അറബി ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണമെന്നും നല്ല പെരുമാറ്റത്തിൻ്റെ സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഒപ്പം പൗരത്വം നേടുന്നതിന് അപേക്ഷകര്‍ക്ക് സാമ്പത്തിക ശേഷിയും മികച്ച ആരോഗ്യവും ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അപേക്ഷകര്‍ മുന്‍ പൗരത്വം ഉപേക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2014-ലെ ഒമാനി പൗരത്വ നിയമവും രാജ്യത്തിൻ്റെ അടിസ്ഥാന നിയമവും പുനപരിശോധിച്ച ശേഷമാണ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ അപേക്ഷകള്‍ പരിശോധിക്കുക. വിശദീകരണം നല്‍കാതെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അധികാരവും മന്ത്രാലയത്തിനുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതി വിധികള്‍ക്ക് വിധേയമാകില്ലെന്നും നിയമ ഭേദഗതിയില്‍ വ്യക്തമാക്കി.
അതേസമയം രാജ്യത്തിൻ്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ പൗരത്വം റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമായി വിദേശ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെയും പൗരത്വം റദ്ദാക്കും. പൗരത്വം പുനസ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൗരത്വം നേടാന്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ തെറ്റായ വിവരങ്ങളോ രേഖകളോ ഉള്‍പ്പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും 5000 റിയാല്‍ മുതല്‍ 10000 റിയാല്‍ വരെ പിഴയും ഉള്‍പ്പെടെ കഠിനശിക്ഷകള്‍ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.