ദില്ലി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തിൽ തിരിച്ചെത്തിക്കുമെന്ന് റിപ്പോർട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്‍സർ അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ആണ് ഇക്കാര്യം പുറത്തുവന്നത്. ഫെബ്രുവരി 15 ശനിയാഴ്‌ച ഒരു വിമാനവും ഞായറാഴ്‌ച 16ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇൻ്റെൻഷണൽ വിമാന താവളത്തിൽ എത്തും.
നാടുകടത്തപ്പെട്ടവരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോ പേരും എത്തുന്നു.
മെക്‌സിക്കോ അതിർത്തിയിലൂടെയും മറ്റ് വഴികളിലൂടെയും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇവർ പിന്നീട് പാസ്‌പോർട്ടുകൾ നശിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ സംഘമാണ് എത്തുന്നത്. ഫെബ്രുവരി അഞ്ചിന് അമൃത്സറിൽ എത്തിയ ആദ്യ സംഘത്തിൽ 104 ഇന്ത്യക്കാർ ഉണ്ടായിരുന്നു. കൈകൾ ബന്ധിച്ച് കാലുകൾ ചങ്ങലയിട്ട് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു എത്തിയതെന്ന് അവർ പറഞ്ഞിരുന്നു.
യുഎസ് സന്ദർശനത്തിനിടെ മനുഷ്യക്കടത്തിനെതിരെ പോരാടേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെടുക്കാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്നും മോദി പറഞ്ഞു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യുഎസ്സിബിപി) കണക്കു പ്രകാരം, 2022നും 2024 നവംബറിനും ഇടയിൽ ഏകദേശം 1,700 ഇന്ത്യക്കാരെ പിടികൂടിയിട്ടുണ്ട്.