മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയുയർത്തി ബ്ലൂസ്‌കൈ പുതിയൊരു ആപ്പ് പുറത്തിറക്കി. “ഫ്ലാഷ്‌സ്” എന്നാണ് ഈ ഫോട്ടോ- വീഡിയോ ഷെയറിംഗ് ആപ്പിൻ്റ പേര്. ആപ്പിൾ ആപ്പ് സ്റ്റോറിൽ അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ 30,000 ഡൗൺലോഡുകൾ നേടി ഈ സ്വതന്ത്ര ആപ്പ് ശ്രദ്ധേയമായി. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ആപ്പ് ഇപ്പോൾ ലഭ്യമല്ല.
ഇൻസ്റ്റാഗ്രാമിനോട് സാമ്യമുള്ള ഫോട്ടോ- വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈയുടെ ഫ്ലാഷ്‌സ്. ഇലോൺ മസ്‌കിൻ്റ എക്‌സിൽ നിന്ന് നിരവധി ഉപയോക്താക്കളെ ആകർഷിച്ച ബ്ലൂസ്‌കൈയാണ് ഈ ആപ്പിൻ്റ പിന്നിൽ.
രണ്ടര കോടിയിലധികം ഉപയോക്താക്കളുള്ള ബ്ലൂസ്‌കൈ ഒരു ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്. ബ്ലൂസ്‌കൈയുടെ ഡീസെൻട്രലൈസ്‌ഡ് എ.റ്റി പ്രോട്ടോക്കോൾ (Authenticated Transfer Protocol) അനുസരിച്ച് ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള ഡെവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ഫ്ലാഷ്‌സ് വികസിപ്പിച്ചത്.