മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുന്ന നിരവധി യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 10 മുതൽ 15 ശതമാനം വരെ അധിക താരിഫ് പ്രഖ്യാപിച്ചു. ചൈനീസ് ധനകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് പ്രധാനമായും ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി തുടങ്ങിയ പ്രധാന യുഎസ് കയറ്റുമതി ഉൽപ്പന്നങ്ങൾക്കാണ് ഈ താരിഫ് ചുമത്തുക. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്ക് ഇടയിൽ ഇതിനകം നടന്നു കൊണ്ടിരിക്കുന്ന വ്യാപാര യുദ്ധം ഈ തീരുമാനം കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ട്.
യുഎസ് താരിഫുകളോടുള്ള പ്രതികരണം
ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനമായി ഉയർത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉത്തരവിന് മറുപടിയായാണ് ചൈനയുടെ നീക്കം. പുതിയ ചൈനീസ് താരിഫുകൾ പ്രകാരം:
അമേരിക്കയിൽ വളർത്തുന്ന കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയ്ക്ക് 15 ശതമാനം അധിക തീരുവ ചുമത്തും. സോർഗം, സോയാബീൻ, പന്നിയിറച്ചി, ബീഫ്, സമുദ്രോൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ തീരുവ 10 ശതമാനം വർദ്ധിപ്പിക്കും.
അമേരിക്കയും കടുത്ത നിലപാട് സ്വീകരിച്ചു
ചൊവ്വാഴ്‌ച മുതൽ കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് യുഎസ് വിപുലമായ തീരുവ ചുമത്തി. ഈ പുതിയ തീരുവകൾ യുഎസ് താരിഫുകളെ ചരിത്രപരമായ തലങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. ഇത് ബിസിനസ് വൃത്തങ്ങളിലും വിദേശ സർക്കാരുകളിലും ആശങ്ക ഉയർത്തുന്നു.
കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തി. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇരട്ടി തീരുവ വർദ്ധിപ്പിച്ചു. വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാൻ താരിഫുകൾ സഹായിക്കുമെന്ന് ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു. “രാഷ്ട്രീയക്കാർ മുമ്പ് ശരിയായി ഉപയോഗിച്ചിട്ടില്ലാത്ത വളരെ ശക്തമായ ഒരു ആയുധമാണിത്” -പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞിരുന്നു.
കാനഡയുടെ പ്രതികാരം
യുഎസിൽ നിന്നുള്ള 125 ബില്യൺ കനേഡിയൻ ഡോളറിൻ്റെ അധിക ഇറക്കുമതിക്ക് കാനഡ പ്രതികാര തീരുവ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച മുതൽ 30 ബില്യൺ കനേഡിയൻ ഡോളറിൻ്റെ ഇറക്കുമതിക്ക് 25% തീരുവ ചുമത്തി ഇത് ആരംഭിച്ചു.
കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് തീരുമാനം യുഎസ് പിൻവലിച്ചില്ലെങ്കിൽ കാനഡയും അതിൻ്റെ താരിഫ് നിലനിർത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. യുഎസ് താരിഫ് നിർത്തലാക്കിയില്ലെങ്കിൽ തൻ്റെ സർക്കാർ മറ്റ് നിരവധി താരിഫ് ഇതര നടപടികൾ പരിഗണിച്ചേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആഗോള വ്യാപാരത്തിൽ ആഘാതം
അമേരിക്കയും ചൈനയും കാനഡയും തമ്മിലുള്ള വളർന്നു വരുന്ന താരിഫ് തർക്കം ഈ രാജ്യങ്ങളിൽ മാത്രമല്ല ആഗോള വ്യാപാരത്തിലും സ്വാധീനം ചെലുത്തും. ഈ വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകുകയാണെങ്കിൽ അത് അന്താരാഷ്ട്ര വിപണികളിൽ അസ്ഥിരത വർദ്ധിപ്പിക്കുമെന്നും പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചേക്കാമെന്നും വ്യാപാര വിദഗ്‌ദർ വിശ്വസിക്കുന്നു.
ഈ സാഹചര്യത്തിൽ, വരും ആഴ്‌ചകളിൽ ഈ വ്യാപാര തർക്കം ഏത് ദിശയിലേക്ക് പുരോഗമിക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ എന്തെങ്കിലും പരിഹാരം കണ്ടെത്താൻ കഴിയുമോ എന്നും കാണേണ്ടത് പ്രധാനമാണ്.