സിപിഐഎം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം തുടങ്ങി. ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. വോട്ടുചോർച്ച ഗൗരവമായി കാണണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യാഴാഴ്‌ച അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്‌തു. തുടർഭരണത്തിന് തുടർച്ച ലക്ഷ്യമിട്ടുള്ള നവ കേരള രേഖ അവതരണം മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രതിനിധി സമ്മേളന നഗരിയായ കൊല്ലം ടൗൺ ഹാളിൽ കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന. ഏഴിന് രാവിലെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയും എട്ടിന് നവ കേരള രേഖയിലുള്ള ചർച്ചയും നടക്കും.
പ്രവർത്തന റിപ്പോർട്ടിന് മേലുള്ള ചർച്ചയ്ക്ക് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മറുപടി പറയും. നവ കേരള രേഖയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയും. പ്രതിനിധി സമ്മേളനത്തിൻ്റെ പ്രസീഡിയം നിയന്ത്രിക്കുന്നത് കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലനാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷം എത്തുന്ന സമ്മേളനത്തെ കൊല്ലം ആവേശത്തോടെയാണ് സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ പിണറായി വിജയൻ പറഞ്ഞു. ജനപിന്തുണയിൽ ഉറച്ച മുന്നേറ്റം എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വികസന പദ്ധതികൾ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുന്നുണ്ട്.