എല്ലാ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ തസ്‌തികകൾ 12 ആഴ്‌ചകൾക്കകം കണ്ടെത്തണമെന്ന് സുപ്രീം കോടതി. സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021-ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്‌തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് സുധാൻഷൂ ധൂലിയ, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയത്.
പ്രൈമറി, സെക്കൻഡറി തലങ്ങളിൽ തസ്‌തികകൾ കണ്ടെത്തി സ്ഥിര നിയമനത്തിനുള്ള നടപടി സ്വീകരിക്കാനാണ് നിർദേശം. 2021 ഒക്ടോബറിലാണ് ഉത്തർപ്രദേശിലെ ഒരു കേസ് പരിഗണിച്ച് സ്പെഷ്യൽ എജുക്കേറ്റർമാർക്ക് സ്ഥിരനിയമനം നൽകാൻ സുപ്രീ കോടതി ഉത്തരവിട്ടത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ താത്കാലികമായി ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർമാരിൽ അർഹമായവർക്ക് സ്ഥിര നിയമനം നൽകാൻ സംസ്ഥാന ഡിസ്എബിലിറ്റി കമ്മിഷണർ, വിദ്യാഭ്യാസ സെക്രട്ടറി, റിഹാബിലിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ആർസിഐ) പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രീം കോടതി നിർദേശം നൽകി.
ആവശ്യമെങ്കിൽ പ്രായപരിധിയിൽ ഇളവും മറ്റ് അധ്യാപകർക്ക് തുല്യമായ സേവന വേതന വ്യവസ്ഥകളും നൽകണമെന്നും കോടതി നിർദേശം നൽകി. എന്നാൽ ഇവർക്ക് സുപ്രീം കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് മാത്രമെ അർഹതയുണ്ടാകു എന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ മൂന്ന് മാസത്തിന് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.