ടോളിവുഡ് നടൻ മെഗാസ്റ്റാർ ചിരഞ്ജീവിക്ക് യുകെയിൽ അഭിമാനകരമായ അംഗീകാരം . നാല് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ബ്രിട്ടീഷ് സർക്കാർ ചിരഞ്ജീവിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രഖ്യാപിച്ചു.
മാർച്ച് 19 ന് യുകെ പാർലമെന്റിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ചിരഞ്ജീവിക്ക് അവാർഡ് സമ്മാനിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. സിനിമയിൽ അദ്ദേഹം ചെലുത്തിയ വിപുലമായ സ്വാധീനത്തെയും വ്യവസായത്തിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ യാത്രയെയും ഈ ബഹുമതി അംഗീകരിക്കുന്നു.
ചടങ്ങിൽ സ്റ്റോക്ക്പോർട്ടിനെ പ്രതിനിധീകരിക്കുന്ന യുകെയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗം നവേന്ദു മിശ്ര ആതിഥേയത്വം വഹിക്കും . സോജൻ ജോസഫ്, ബോബ് ബ്ലാക്ക്മാൻ എന്നിവരുൾപ്പെടെ മറ്റ് പ്രമുഖ എംപിമാരും ചടങ്ങിൽ പങ്കെടുക്കും.