ദുബായ് കിരീട അവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിൽ എത്തി. ഡൽഹി വിമാന താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷേയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്.
ഹംദാൻ്റെ ആദ്യ സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷേയ്ഖ് ഹംദാൻ ഡൽഹിയിലെത്തുന്നത്. സന്ദർശനത്തിൻ്റെ ആദ്യദിനം കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക വിരുന്ന്. ഡൽഹിയിൽ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ഷേയ്ഖ് ഹംദാൻ കൂടിക്കാഴ്‌ച.
പര്യടനത്തിൻ്റെ രണ്ടാം ദിവസമായ ഒമ്പതിന് ഷേയ്ഖ് ഹംദാൻ മുംബൈ സന്ദർശിക്കും. ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസ് റൗണ്ട് ടേബിളിലും അദ്ദേഹം പങ്കെടുക്കും. സുപ്രധാന മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി പ്രധാന രാജ്യാന്തര പങ്കാളികളുമായി തന്ത്രപരമായ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിൻ്റെ കാഴ്‌ചപ്പാടിനെ പിന്തുണക്കുന്നതായിരിക്കും ഈ സന്ദർശനം.
യുഎഇ പ്രസിഡന്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്തിടെ ശക്തിപ്പെട്ടിരുന്നു. 2024ൽ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയ യുഎഇ പ്രസിഡന്റിന് ഇന്ത്യയിൽ ഊഷ്‌മളമായ സ്വീകരണം ലഭിച്ചിരുന്നു.
2024 സെപ്റ്റംബർ എട്ടിന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി. സെപ്റ്റംബർ ഒമ്പതിന് അദ്ദേഹം നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുകയും ഉഭയകക്ഷി സഹകരണത്തിൻ്റെ വിവിധ മേഖലകളെ കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്‌തിരുന്നു.



