ലോകം എമ്പാടുമുള്ള ആക്ഷൻ സിനിമ പ്രേമികളെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിച്ച മിഷൻ ഇംപോസിബിൾ ഫിലിം സീരീസിലെ അവസാന ചിത്രമായ ‘മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആരാധകർക്ക് ഇരട്ടി മധുരം നൽകി കൊണ്ടാണ് റിലീസ് തീയതി പുറത്തു വന്നിരിക്കുന്നത്. മെയ് 23ന് ആഗോള തലത്തിൽ റിലീസിനൊരുങ്ങുന്ന സിനിമ ഇന്ത്യയിൽ ഒരാഴ്‌ച മുമ്പേ എത്തും.
മെയ് 17ന് തന്നെ മിഷൻ ഇംപോസിബിൾ ഇന്ത്യയിൽ പ്രദർശനത്തിനെത്തും എന്നാണ് പാരമൗണ്ട് ഇന്ത്യ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഐമാക്‌സ്, 4 ഡിഎക്‌സ് തുടങ്ങിയ സ്‌ക്രീനുകളിലും സിനിമ പ്രദർശനത്തിനെത്തും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കും.
1996-ലാണ് ആദ്യത്തെ ‘മിഷൻ ഇംപോസിബിൾ’ ചിത്രം പുറത്തിറങ്ങുന്നത്. ഈ സീരിസിലെ ഓരോ സിനിമകളിലെയും ആക്ഷൻ സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന സാഹസിക ശ്രമങ്ങൾ വലിയ ശ്രദ്ധ നേടാറുണ്ട്. വനേസ കിർബി, ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ് തുടങ്ങിയ വൻ താരനിര പുതിയ സിനിമയിലും അണിനിരക്കുന്നുണ്ട്.
മനുഷ്യന്മാർ വില്ലന്മാരായി അണിനിരന്ന മറ്റു സിനിമകളിൽ നിന്നും വ്യത്യസ്‌തമായി നിർമിത ബുദ്ധി വില്ലനായെത്തുന്ന സിനിമ കൂടിയാണ് ‘ഡെഡ് റെക്കണിങ്’ സിനിമകൾ. ’മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി’ന്‍റെ തുടർച്ചയാണ് ‘മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്’.