കൊച്ചി കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്ന് അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്ക് പ്രത്യേക ചാർട്ട് ഉണ്ടെന്നും കൂട്ടമായി കൈക്കൂലി വാങ്ങി ഇവർ വീതം വെക്കാറുണ്ടെന്നും മൊഴി. കൂടുതൽ അന്വേഷണത്തിനായി വിജിലൻസ് സംഘം വനിതാ ഇൻസ്‌പെക്ടറെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
കൈക്കൂലി വാങ്ങിയെന്ന് കുറ്റസമ്മതം നടത്തിയ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ വിജിലൻസിന് നൽകിയ മൊഴിയിൽ ഉള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കോർപ്പറേഷനിലെ പകുതിയിലധികം ഹെൽത്ത് ഇൻസ്പെക്ടർമാരും ബിൽഡിംഗ് ഇൻസ്പെക്ടർമാരും വലിയ തോതിൽ കൈക്കൂലി വാങ്ങുന്നവരാണെന്ന് ഉദ്യോഗസ്ഥ പറയുന്നു. പ്രതിയായ ഉദ്യോഗസ്ഥയ്ക്ക് മാസം മൂന്നുലക്ഷം രൂപയോളം കൈക്കൂലിയായി മാത്രം ലഭിച്ചിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി കോർപ്പറേഷനിൽ ജോലിയിൽ ചേർന്നതിന് ശേഷം കൈക്കൂലിയായി വാങ്ങിയ പണം കൊണ്ട് തൃശൂരിലും കൊച്ചിയിലും വീടും സ്ഥലവും വാങ്ങിയെന്നും കാർ വാങ്ങിയെന്നും വനിതാ ഉദ്യോഗസ്ഥ സമ്മതിച്ചിട്ടുണ്ട്. ബിൽഡിങ് പെർമിറ്റിനായി റോഡരികിൽ കാറിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ബുധനാഴ്‌ചയാണ് വിജിലൻസ് സംഘം ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്.
കൂടുതൽ അന്വേഷണത്തിനായി അവരെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സംഘം തൃശൂർ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.