| ശരണ്യ എം ചാരു
ഇത് ബിന്ദു. തിരുവനന്തപുരം പേരൂർക്കട സ്വദേശി. 500 രൂപ ദിവസക്കൂലിക്ക് വീട്ടുജോലിക്ക് പോയി കുടുംബം നോക്കുന്നു. 15 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. ഒരു ദളിത് സ്ത്രീയാണ്. കഴിഞ്ഞ മൂന്ന് മൂന്നര വർഷമായി വീട്ടുജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ബിന്ദു കുടുംബം നോക്കുന്നതും മക്കളെ പഠിപ്പിക്കുന്നതും. സ്ഥിരമായി ജോലിക്ക് നിന്നിരുന്ന വീട്ടിൽ മുഴുവൻ സമയ ജോലിക്ക് മറ്റൊരാൾ വന്നപ്പോൾ പുതിയൊരു വീട്ടിലേക്ക് ജോലിക്ക് പോയി തുടങ്ങി.
ജോലിക്ക് പോയ മൂന്നാം ദിവസം ഓമന എന്ന വീട്ടുടമസ്ഥയുടെ മാല കാണാൻ ഇല്ലെന്ന് പറഞ്ഞു ജോലി കഴിഞ്ഞു തിരികെ പോയ ബിന്ദുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിക്കുകയും ഒരു രാത്രി മുഴുവൻ ഉറങ്ങാൻ പോലും സമ്മതിക്കാതെ സ്റ്റേഷനിൽ ഇരുത്തി ചോദ്യം ചെയ്യുകയും, ദേഹ പരിശോധന നടത്തുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും, കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കക്കൂസിൽ പോയി എടുത്തു കുടിക്കാൻ പറയുകയും ചെയ്തു. കുറ്റം സമ്മതിച്ചില്ലെങ്കിൽ നിന്റെ രണ്ട് പെൺമക്കളെ കൂടി പ്രതി ചേർത്തു കേസ് എടുക്കുമെന്നും, ജയിലിൽ അവർക്ക് സൗജന്യ ഭക്ഷണവും വിദ്യാഭ്യാസവും കിട്ടുമെന്ന് പറഞ്ഞു ഭീഷണി മുഴക്കി. വീട്ടുകാരെ ഒന്ന് ഫോൺ ചെയ്ത് വിവരമറിയിക്കാൻ പോലും പൊലീസുകാർ സമ്മതിച്ചില്ലെന്ന് കരഞ്ഞു കൊണ്ട് ബിന്ദു ഇന്ന് ഏഷ്യാനെറ്റിൽ പ്രതികരിച്ചിട്ടുണ്ട്.
ഇതാണ് മനുഷ്യരെ ജാതി. ഒരു തെളിവും ഇല്ലാതെ ഒരു ദളിത് സ്ത്രീയെ ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ ഇരുത്തി ഉറങ്ങാൻ സമ്മതിക്കാതെ, കുടിക്കാൻ ഒരിറ്റു വെള്ളം കൊടുക്കാതെ ചോദ്യം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് ജാതി. വീട്ടിൽ നിന്ന് ഒരു മൊട്ടുസൂചി കളഞ്ഞു പോയാൽ പോലും ജോലിക്ക് നിന്ന ദളിത് സ്ത്രീയുടെ തലയിൽ അതിന്റെ ഉത്തരവാദിത്വം കൊണ്ട് ചെന്നിടുന്നതാണ് ജാതി. അതിനൊപ്പം നിന്ന് ഇന്നാട്ടിലെ നിയമ സംവിധാനം കുഴലൂതുന്നതാണ് ജാതി.
പിറ്റേ ദിവസം രാവിലെ ഇതേ വീട്ടുടമ ഓമനയും മകളും മാല കിട്ടിയെന്നും പരാതി ഇല്ലെന്നും പറഞ്ഞിട്ടും, അത് ബിന്ദുവിനെ അറിയിക്കാതെ, അവരെ ഒരു രാത്രി മുഴുവൻ ദ്രോഹിച്ചതിന് ഒരു മാപ്പ് പോലും പറയാതെ, ‘വീട്ടുകാർക്ക് പരാതി ഇല്ല, അതുകൊണ്ട് നിങ്ങളിപ്പോ പൊക്കോ, പക്ഷെ ഇനിമേലാൽ ഈ ഭാഗത്തു നിങ്ങളെ കണ്ടു പോകരുതെന്ന് വീണ്ടും ഭീഷണിപ്പെടുത്തുന്നത്’ കൂടിയാണ് ജാതി.
കള്ളക്കേസിൽ പെടുത്തി ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്ന, അസഭ്യം കേൾക്കേണ്ടി വന്നൊരു ദളിത് സ്ത്രീ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ മുന്നിൽ പരാതിയുമായി ചെന്നപ്പോൾ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ആ പരാതി വാങ്ങിച്ചൊന്ന് വായിച്ചു പോലും നോക്കാതെ, “മോഷണ കേസ് വന്നാൽ പോലീസ് പിടിക്കും ചോദ്യം ചെയ്യും അതിന് ഇങ്ങോട്ടല്ല കോടതിയിലേക്ക് പോണം എന്ന് അവരുടെ മുഖത്തു നോക്കി പറഞ്ഞെങ്കിൽ” അതാണ് മനുഷ്യരെ ജാതി.
കറുത്തവരെ, ജാതിയിൽ താഴ്ന്നവരെ, ദളിതനെ, ദിവസക്കൂലിക്ക് പണിയെടുക്കുന്ന പ്രിവിലേജ് ഇല്ലാത്ത ഈ പട്ടിണി പാവങ്ങളെ നോട്ടം കൊണ്ട് കള്ളനാക്കുന്ന, ചെയ്യാത്ത തെറ്റിന്റെ പേരിൽ അപമാനിക്കുന്ന, ഭീഷണിപ്പെടുത്തുന്ന ഈ ജാതിവെറി പക്ഷെ ആരും കാണില്ല. ആരും ഇവർക്ക് വേണ്ടി പ്രതികരിക്കില്ല. ഐക്യദാർഢ്യം പ്രകടിപ്പിക്കില്ല. തെരുവിലിറങ്ങില്ല, സോഷ്യൽ മീഡിയയിൽ എഴുതില്ല. പക്ഷെ, ഇതാണ് മനുഷ്യരെ യഥാർത്ഥ ഭരണകൂട ഭീകരത. ഇതാണ് മനുഷ്യരെ ജാതി വിവേചനം. ഇതാണ് മനുഷ്യരെ യഥാർത്ഥ അനീതി. അല്ലാതെ കഞ്ചാവ് സഹിതം എക്‌സൈസ് പിടിച്ച റെപ്പിസ്റ്റ് കൂടിയായ ആളിനെതിരെ ഫോറസ്റ്റ് എടുത്ത രണ്ടാമത്തെ കേസ് മാത്രമല്ല ഭരണകൂട ഭീകരത. വേടന് വേണ്ടി പോരാടിയവർ ബിന്ദുവിനെ ഒന്ന് കേൾക്കാൻ എങ്കിലും സമയം മാറ്റി വയ്ക്കുമെന്ന് കരുതുന്നു.