| കെ സഹദേവൻ
ആന്ധ്രപ്രദേശ് ഗവണ്‍മെന്റും അദാനി ഗ്രൂപ്പും ചേര്‍ന്ന് എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ച് പൊതുമുതല്‍ കൊള്ളയടിക്കാന്‍ നടത്തിയ മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി ചുരുളഴിയുന്നു. കേന്ദ്ര ധനകാര്യ-ഊര്‍ജ്ജ സെക്രട്ടറി തലത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് വിരമിച്ച ഡോ.ഇ.എ.എസ് ശര്‍മ്മയാണ് ഇത് സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് കത്തെഴുതിയിരിക്കുന്നത്.
ചെറുകിട തുറമുഖങ്ങളിലൊന്നായ ഗംഗാവരം പോര്‍ട്ടിന്റെ 10 ശതമാനം ഓഹരികള്‍, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷെയര്‍ ഒന്നിന് 120രൂപ നിരക്കില്‍ 644 കോടി രൂപയ്ക്ക് അദാനിക്ക് വിറ്റു എന്നാണ് പുതിയ ആരോപണം. ഇടപാടുകളിലെ സുതാര്യതയില്ലായ്മ, വില്പനയില്‍ മറ്റുള്ളവരെ ഒഴിവാക്കല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഡോ. ശര്‍മ ചൂണ്ടിക്കാട്ടുന്നു. 2021 മധ്യത്തിലാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ജി സി മുര്‍മുവിന് ഡോ.ശര്‍മ കത്തെഴുതിയിരിക്കുന്നത്.
തന്ത്രപ്രധാനമായ ഒരു പ്രദേശം എന്ന നിലയില്‍ ഗംഗാവരം തുറമുഖത്തിന്റെ ഓഹരികളുടെ 10ശതമാനം ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എനാല്‍ ഉയര്‍ന്നുവന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദാനിക്ക് വില്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. തുറമുഖത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെപ്പോലും ഏര്‍പ്പാട് ചെയ്യാതെ മുന്‍കാല വിലയ്ക്ക് തന്നെ അദാനിക്ക് നേരിട്ട് കൈമാറുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഈയിനത്തില്‍ പൊതു ഖജനാവിന് ഏതാണ്ട് രണ്ടര ഇരട്ടിയുടെ നഷ്ടം സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു. കേന്ദ്ര ഊര്‍ജ്ജ-ധനകാര്യ സെക്രട്ടറി, കേന്ദ്ര ആസൂത്രണ കമ്മീഷന്റെ (ഊര്‍ജ്ജ) ഉപദേശകന്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജിന്റെ തലവന്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡോ.ശര്‍മ.