ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി. കൊച്ചി നോര്‍ത്തിലെ ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്നുമാണ് നടൻ ഇറങ്ങിയോടിയത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്‌ച രാത്രി ആയിരുന്നു പരിശോധന.
സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻസി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചേമ്പറിനും ഐസിസിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവം എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയത് എന്നാണ് പരാതിയിൽ പറയുന്നത്.
നടി വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നും അതിനെ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സിനിമാ സെറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തും. പരിശോധന കൂടിയപ്പോൾ ലഹരിയുടെ വിതരണം കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നടി വിൻസിയുടെ പരാതിയിൽ താരസംഘടനയായ അമ്മ നടപടിക്ക് ഒരുങ്ങി. വിൻസിയുടെ പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താരങ്ങളായ അൻസിബ, വിനു മോഹൻ, സരയു എന്നിവരാണ് അന്വേഷണം നടത്തുക.























