ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ താരങ്ങൾ ആലപ്പുഴയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരാണ് ഹാജരായത്. ഇവരെ എക്സൈസ് ചോദ്യം ചെയ്‌തു.
തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത് എങ്കിലും എട്ട് മണിക്ക് മുമ്പേ ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ എക്സൈസ് ഓഫിസിലെത്തി. മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെയാണ് നടൻ പോയത്. എട്ടുമണിയോടെ അഭിഭാഷകനൊപ്പം ശ്രീനാഥ് ഭാസിയുമെത്തി. തൊട്ട് പിന്നാലെ സൗമ്യയും സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി എത്തി.
അന്വേഷണ ഉദ്യോഗസ്ഥനായ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് മണിക്കൂറുകളോളം ചോദ്യം ചെയ്യൽ. തസ്ലീമയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് ഹൈബ്രിഡ് കഞ്ചാവിന് വേണ്ടിയാണോ എന്നാണ് പ്രധാനമായും ചോദിച്ചറിയുന്നത്.
ബെംഗളുരുവിൽ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ ആണെന്നും അവിടെ നിന്നാണ് എത്തിയതെന്നും ഷൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. തങ്ങൾക്ക് അറിയേണ്ട കാര്യങ്ങളെല്ലാം ചോദിച്ചറിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം ഒന്നാം തീയതി രാത്രിയാണ് ആലപ്പുഴ ഓമനപ്പുഴയിൽ നിന്ന് രണ്ട് കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്.
തസ്ലീമ സുൽത്താൻ ഭർത്താവ് സുൽത്താൻ അക്ബർ, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ. മൂന്നുപേരും ജയിലിൽ റിമാൻഡിലാണ്. സിനിമ മേഖലയിലുള്ള മറ്റ് രണ്ടുപേർക്ക് ചൊവാഴ്‌ച ഹാജരാകാൻ എക്സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ കൂടി ചോദ്യം ചെയ്‌തതിന് ശേഷം ആകും മറ്റ് നടപടികളിലേക്ക് എക്സൈസ് സംഘം നീങ്ങുക.























