എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി നൽകി. അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാരോപിച്ചാണ് ഹർജി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും, വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചയാളാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ എത്തുകയും, കലക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കേസിലെ ആരോപണം.
കേസിൽ പി.പി. ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും സംഭവം നടന്ന് 166 ദിവസങ്ങൾക്ക് ശേഷമാണ് അത് സമർപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. തുടർ അന്വേഷണത്തിനായി ഭാര്യ മഞ്ജുഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി പിന്നീട് സെഷൻസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു.























