2021ൽ ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയിൽ ഇടം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാസ്‌നിഥാൻ സ്വദേശിനിയായ പതിനഞ്ചുകാരി സൊറ്റൂദാ ഫൊറോറ്റാൻ. ഫിനാൻഷ്യൽ ടൈംസിന്റെ പട്ടികയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയ താലിബാന്റെ തീരുമാനത്തിനെതിരെ ശബ്ദമുയർത്തിയതാണ് ഇടം നേടാൻ ഇവരെ സഹായിച്ചത്.
ലോകമാകെ ആകെ 25 സ്ത്രീകളാണ് പട്ടികയിൽ ഇടം നേടിയത്. യു എസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ഏഴ് മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കിയിരുന്നു.
ഈ തീരുമാനത്തിനെതിരെ പൊതുസമൂഹത്തിൽ രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും നിലകൊള്ളുകയും ചെയ്തതാണ് സൊറ്റൂദയെ പട്ടിയിൽ ഇടം നേടാൻ സഹായിച്ചത്. നഗരമായ ഹെറാത്തിലെ സ്‌കൂൾ തുറക്കണമെന്ന ആവശ്യമാണ് സൊറ്റൂദാ ഫൊറോറ്റാൻ താലിബാന് മുന്നിൽ ആദ്യമായി വെച്ചത്.
‘പെൺകുട്ടികളെ പ്രതിധീകരിച്ച് ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരു സന്ദേശം പങ്കുവയ്ക്കുകയാണ്. അറിവിന്റെ നഗരം എന്നാണ് ഹെറാത്ത് അറിയപ്പെടുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് വേണ്ടി സ്‌കൂളുകൾ തുറക്കാത്തത്’ – എന്നുമായിരുന്നു സൊറ്റൂദയുടെ പ്രസംഗം. പെൺകുട്ടിയുടെ പ്രസംഗം വൈറലായിരുന്നു. ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ട് പോലും ഭയമില്ലാതെ താലിബാനെതിരെ പ്രതികരിക്കാൻ പതിനഞ്ചുകാരിയായ സൊറ്റൂദാ ഫൊറോറ്റാന് കഴിഞ്ഞുവെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു.























