| ശ്രീജ നെയ്യാറ്റിൻകര
രാജ്യത്ത് ഐശ്വര്യം വരാൻ ഗണപതിയുടേയും ലക്ഷ്മി ദേവിയുടേയും ചിത്രങ്ങളുള്ള കറൻസികൾ ഇറക്കണമെന്ന് കേന്ദ്ര ഭരണകൂടത്തോട് അഭ്യർത്ഥന നടത്തിയ മുഴുത്ത ഹിന്ദുത്വ വാദിയായ അരവിന്ദ് കേജ്രിവാൾ പല നിഷ്കളങ്കമായ മനുഷ്യരെ സംബന്ധിച്ചും ബി ജെ പിയെ താഴെയിറക്കാൻ പൊരുതുന്ന ‘വിപ്ലവ’കാരിയാണ് .
ബി ജെ പിയുടെ ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ലക്ഷ്യം പ്രയോഗികമാക്കാൻ, ഗാന്ധിയെ എടുത്തണിഞ്ഞിരിക്കുന്ന കേജ്രിവാളിനെ മുന്നിൽ നിർത്തി കളിക്കുന്ന ആർ എസ് എസ് കളിയാണ് ആം ആദ്മി പാർട്ടി എന്ന കാര്യത്തിൽ തെല്ലും സംശയമില്ലാത്തൊരാളാണ് ഞാൻ . ഒരു വശത്ത് ഭരണഘടനയേയും അംബേദ്കറേയും എന്തിനേറെ ഭഗത് സിംഗിനെ കുറിച്ച് വരെ വാചാലനാകുക, മറു വശത്ത് ഭരണഘടനയെ അട്ടി മറിച്ച് ഹിന്ദുത്വ സ്ഥാപിക്കാനുള്ള സകല പണിയുമെടുത്ത് ആർ എസ് എസിനെ നോർമലൈസ് ചെയ്യുക. ഇതാണ് അരവിന്ദ് കേജ്രിവാൾ ചെയ്തു കൊണ്ടിരിക്കുന്നത്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കറൻസിയിലെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ എന്ന കേജ്രിയുടെ ആവശ്യം . ഇതൊക്കെ ബി ജെ പിയെ താഴെയിറക്കാനുള്ള കേജ്രിയുടെ തന്ത്രമെന്നാണ് ആം ആദ്മി ക്കാരുടേയും കേജ്രി ആരാധകരുടേയും വാദം .. ഏത് ? ഹിന്ദുത്വ നയങ്ങൾക്ക് ശക്തി പകർന്നു കൊടുത്ത് ഹിന്ദുത്വയ്ക്ക് കൂടുതൽ സ്വീകാര്യത നൽകുന്നത് കേജ്രി തന്ത്രമത്രെ.
സംഘ പരിവാർ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വ പദ്ധതികളെ ഇന്ത്യൻ ഭരണഘടന ഉപയോഗിച്ച് പൊരുതി തോൽപിക്കേണ്ടതിന് പകരം അതേ ഹിന്ദുത്വ പദ്ധതികളെ നോർമലൈസ് ചെയ്യുന്ന അപകടകരമായ പണിയാണ് കേജ്രിവാളും ആം ആദ്മി പാർട്ടിയും ചെയ്തു കൊണ്ടിരിക്കുന്നത്. മുന്നിൽ ആയുധവുമായി പാഞ്ഞടുക്കുന്ന ശത്രുവിനെ നമുക്ക് തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയും .. എന്നാൽ ശത്രുവിനെ തോൽപിക്കാനെന്ന വ്യാജേന മിത്ര ഭാവം നടിച്ച് കൂടെ കൂടുന്ന കാപട്യക്കാർ ശത്രുവിനെ പ്രതിരോധിക്കാനുള്ള നമ്മുടെ ശേഷിയെ പോലും ദുർബലപ്പെടുത്തിക്കളയും.
നമ്മുടെ വ്യക്തി ജീവിതത്തിൽ രൂപപ്പെടുന്ന കേവല ശത്രുക്കളെ പോലെയല്ല ഒരു രാഷ്ട്രീയ സമരത്തിൽ എതിർ ചേരിയിൽ നിൽക്കുന്ന ശത്രു . ഒരാദർശത്തിന്റെ ശത്രുക്കളാണവർ … അവിടെ ഒറ്റുകാർ ഉണ്ടാകുക എന്നത് പോലൊരു ദുരവസ്ഥ വേറെ വരാനില്ല. ഹിന്ദുത്വയെ നോർമലൈസ് ചെയ്യുന്ന പണി ആരെടുത്താലും അവർ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ അഥവാ വെറുപ്പിനെതിരെയുള്ള രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ ഒറ്റി കൊടുക്കുന്നവരാണ്, അപകടകാരികളാണ്.
അരവിന്ദ് കേജ്രിവാൾ ഒറ്റുകാരനാണ് . ഇന്ത്യയിൽ ഉയർന്ന് വരുന്ന ഫാസിസ്റ്റ് വിരുദ്ധ ശബ്ദങ്ങളെ ദുർബലമാക്കുകയും പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുകയുമാണ് അയാളെ ആർ എസ് എസ് എല്പിച്ചിരിക്കുന്ന പണി . അതയാൾ ഡൽഹിയിലും പഞ്ചാബിലും ഒക്കെ ചെയ്തു കഴിഞ്ഞു അരവിന്ദ് കേജ്രിവാളെന്ന ഹിന്ദുത്വ വാദിയെ ഒറ്റുകാരനെ തിരിച്ചറിയുക എന്നതും ഒരു ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ്