കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഇപ്പോൾ വ്യവസായിയായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് വിനോദ ചാനലാണ് ജീവനക്കാരെ കുറയ്ക്കാൻ നീക്കം തുടങ്ങിയത്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മാധ്യമ മേഖലയിൽ ഇത്ര വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. ഇപ്പോൾ ആദ്യഘട്ടത്തിൽ നോട്ടീസ് കൈപ്പറ്റിയ 80ൽ 60 പേർ പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നാണ്. ബാക്കിയുള്ള 20 പേർ ടെക്നിക്കൽ ഡിപ്പാർട്ട്മെൻ്റിൽ നിന്നുമാണ്. പിരിഞ്ഞു പോകുന്നവർക്ക് 15 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നൽകുന്നത്.
ഇവർക്ക് അർഹതയുള്ള ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഈ തുക. പിരിഞ്ഞു പോകുന്ന ഓരോരുത്തർക്കും ശരാശരി 15 ലക്ഷം രൂപയെങ്കിലും ലഭിക്കുമെന്നാണ് വിവരം. മാർച്ച് 31ന് മുമ്പായി പിരിഞ്ഞു പോകാനാണ് നോട്ടീസ് നല്കിയിരിക്കുന്നത്. നേരത്തെ 2019 മുതൽ ഡിസ്നി -സ്റ്റാർ ഉടമസ്ഥതയിലായിരുന്നു ഏഷ്യാനെറ്റ്.
2024 ൽ ഡിസ്നി -സ്റ്റാർ കമ്പനിയെ റിലയൻസ് ഉടമസ്ഥതയിലുള്ള ജിയോ സ്റ്റാർ ഏറ്റെടുത്തതോടെ ഏഷ്യാനെറ്റ് വിനോദ ചാനലും അതിൻ്റെ ഭാഗമായി മാറുകയായിരുന്നു . ജിയോ സ്റ്റാറിനെ നിതാ മുകേഷ് അംബാനി ചെയര്‍പേഴ്‌സണായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിയന്ത്രിക്കുന്നത്. ഏഷ്യാനെറ്റിൻ്റെ ഭാഗമായ ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവയിൽ നിന്നും പിരിച്ചുവിടലിന് ജിയോ സ്റ്റാർ കമ്പനിക്ക് പദ്ധതിയുണ്ട്.
റഷ്യയിൽ വ്യവസായിയായിരുന്ന മലയാളി റെജി മേനോൻ 1993ൽ സ്ഥാപിച്ചതാണ് ഏഷ്യാനെറ്റ് ടിവി ചാനൽ. ആ കാലഘട്ടത്തിൽ വിനോദവും വാർത്തയും ചേർത്ത് ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന ഒറ്റ ചാനലായിരുന്നു. 2006 അവസാനത്തോടെ റെജി മേനോൻ ബംഗലൂരുവിലെ വ്യവസായിയും ബിപിഎൽ കമ്പനി ഡയറക്ടറുമായ രാജീവ് ചന്ദ്രശേഖറിന് (ജൂപ്പിറ്റർ എന്റർടൈൻമെന്റ് വെഞ്ച്വേഴ്‌സ്) ചാനൽ കൈമാറി.
2006ൽ ഏഷ്യാനെറ്റിൻ്റെ 51% ഓഹരികൾ രാജീവ് ചന്ദ്രശേഖറിൽ നിന്ന് സ്റ്റാർ ഇന്ത്യ വാങ്ങി. അതിനുശേഷം 2008ൽ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക കമ്പനിയായി. വിനോദ ചാനൽ സ്റ്റാറിൻ്റെ കീഴിലായി. ന്യൂസ് ചാനലിൻ്റെ ഉടമസ്ഥത രാജീവിനുമായി. 2014ൽ വിനോദ ചാനലിൻ്റെ പൂർണ്ണ ഉടമസ്ഥാവകാശം സ്റ്റാർ ഇന്ത്യക്കായി. 2019ൽ സ്റ്റാറിൻ്റെ ഓഹരികൾ വാൾട്ട് ഡിസ്നി വാങ്ങിയതോടെ ഡിസ്നി – സ്റ്റാർ സംയുക്ത സംരംഭത്തിൻ്റെ ഭാഗമായി ഏഷ്യാനെറ്റ്. അവസാനം ജിയോ സ്റ്റാറിൻ്റെ വരവോടെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വരുന്നത്.
(news source: madhyamasyndicate.com)