ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൂട്ട നടപടി. ബംഗളുരു സിറ്റി പൊലീസ് കമ്മീഷണറെ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്‌തു. ആര്‍.സി.ബി, ഇവന്റ് മാനേജ്‌മെന്റ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേന്‍, പ്രതിനിധികളെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ അറിയിച്ചു. സംഭവത്തില്‍ ജുഡീഷണല്‍ അന്വേഷണവും പ്രഖ്യാപിച്ചു.
24 മണിക്കൂറിനുള്ളില്‍ ആണ് കര്‍ണാടക സര്‍ക്കാര്‍ പൊലീസിനെ കയ്യൊഴിഞ്ഞത്. പോലീസിൻ്റെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായിട്ടില്ല എന്നായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ ആദ്യത്തെ പ്രതികരണം. എന്നാല്‍ പൊലീസ് നിരുത്തരവാദിത്വപരമായി പെരുമാറിയെന്നാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ബംഗളുരു പൊലീസ് കമ്മീഷണര്‍, അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, എസിപി എന്നിവരെ ഉള്‍പ്പടെ സസ്‌പെന്‍ഡ് ചെയ്‌തു.
പരിപാടി ഞായറാഴ്‌ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ദേയം. മുപ്പത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് ടീം, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളെയും അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.























