| മനൂപ് ഖാൻ
ഏറെക്കാലത്തെ ചർച്ചകൾക്കൊടുവിൽ ഈ അടുത്താണ് ക്രിക്കറ്റിൽ മങ്കാദിങ് നിയമ വിധേയമാക്കിയത്. അതായത് ബൗളർ പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് നോൺ സ്ട്രെക്കിങ് എൻഡിലുള്ള ബാറ്റർ ക്രീസ് വിട്ട് ഇറങ്ങിയാൽ ബൗളർക്ക് ബെയ്‌ൽ തെറിപ്പിച്ച് അയാളെ ഔട്ട് ആക്കാം. പക്ഷെ പന്ത് ഡെലിവേഡ് ആവുന്നതിന് മുമ്പേ എടുക്കുന്ന ഈ വിക്കറ്റ് അത്ര മാന്യമല്ലാത്ത പ്രവൃത്തിയായിട്ടാണ് പൊതുവെ കണക്കാക്കുന്നത്. ഭൂരിഭാഗം പേരും അത്തരത്തിൽ ബാറ്റർ ക്രീസ് വിട്ടാൽ പന്തെറിയുന്നത് നിർത്തി ബാറ്ററെ വാൺ ചെയ്യുകയാണ് പതിവ്.
പല തവണ അത് അവർത്തിക്കപ്പെട്ടാൽ മാത്രം വളരെ അപൂർവ്വമായി ചിലർ അങ്ങനെ വിക്കറ്റ് എടുക്കാൻ ശ്രമിക്കാറുണ്ട്. അതൊരു നിയമ പുസ്തകത്തിൽ ഇല്ലാത്ത വിക്കറ്റ് ആയിട്ടാണ് ഇക്കാലമത്രയും കണ്ടു പോന്നത്. ഇക്കഴിഞ്ഞ വർഷം മാത്രമാണ് അത് നിയമം മൂലം അംഗീകരിച്ചത്. പക്ഷെ അതിന് ശേഷം ഈ അടുത്ത് ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ സെഞ്ചുറിയിലേക്ക് അടുത്ത ലങ്കൻ ക്യാപ്റ്റനെ മുഹമ്മദ് ഷമി മങ്കാദിങ് വഴി പുറത്താക്കി അപ്പീൽ ചെയ്യുകയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇടപെട്ട് അപ്പീൽ പിൻവലിച്ച് ആ വിക്കറ്റ് വേണ്ടെന്ന് വെച്ചതും ഏറെ പ്രശംസ പിടിച്ചു പറ്റിയ സംഭവമാണ്.
ഷമിയുടെ അപ്പീൽ നിയമ വിധേയമാണെങ്കിൽ പോലും കളിയുടെ മാന്യത മുൻ നിർത്തി ആ വിക്കറ്റ് വേണ്ടെന്ന് വെക്കുകയായിരുന്നു. ഇവിടെ നൂറു ശതമാനം നിയമം കൂടെ ഉണ്ടായിട്ടും ഇന്ത്യ ചെയ്ത ത്യാഗത്തെ പ്രശംസിച്ചവരാണ് നമ്മൾ.
ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ വിവാദത്തിൽ ഛേത്രിയെ അനുകൂലിക്കുന്നവർ പറയുന്നത് അവർ ക്വിക്ക് റീസ്റ്റാർട്ടിലൂടെയാണ് ഗോളടിച്ചത് എന്നാണ്. ലൈവ് കണ്ടവർ പറഞ്ഞത് ഫൗൾ വിസിൽ മുഴങ്ങിയ ശേഷം 28 സെക്കൻഡ് ഓളം നേരം കഴിഞ്ഞാണ് കിക്ക് എടുത്തത് എന്നാണ്. ക്വിക്ക് റീസ്റ്റാർട്ട് എന്നാൽ ഫൗൾ ചെയ്യപ്പെട്ടാൽ ഉടനെ അതേ കളിക്കാരാണോ അല്ലെങ്കിൽ തൊട്ടടുത്തുള്ള ആരെങ്കിലുമോ പന്തെടുത്ത് അടുത്തയാൾക്ക് പാസ് ചെയ്യുകയോ അല്ലെങ്കിൽ ഷൂട്ട് ചെയ്യുകയോ ചെയ്യുന്നതാണ്. അത് കളിയിൽ സർവ്വ സാധാരണമാണ്.
അതേ സമയം ഫൗൾ ചെയ്യപ്പെട്ട കളിക്കാരന് എഴുന്നേൽക്കാൻ പറ്റാതെ വരുകയോ വൈദ്യ സഹായം വേണ്ടപ്പോഴോ അല്ലെങ്കിൽ കാർഡ് പുറത്തെടുക്കേണ്ടി വന്നാലോ റഫറിക്ക് ക്വിക്ക് റീസ്റ്റാർട്ട് ചെയ്ത കളി വീണ്ടും നിർത്തിക്കാം. ഇതൊക്കെ എല്ലാ മത്സരത്തിലും പല തവണ നടക്കുന്ന സാധാരണ സംഭവമാണ്. പക്ഷെ ഇന്നലെ ക്വിക്ക് റീസ്റ്റാർട്ട് ആയിരുന്നു എങ്കിൽ എങ്ങനെയാണ് 28 സെക്കന്റോളം കളി സ്റ്റോപ്പ് ആയത്? 28 സെക്കൻഡ് എന്നാൽ ചെറിയ സമയമല്ല. സ്വാഭാവികമായും അത്രയും സമയം കളി സ്റ്റോപ് ചെയ്യുമ്പോൾ എതിർ ടീം രണ്ടു തരത്തിൽ തെറ്റിദ്ധരിക്കപ്പെടാം. ഒന്ന് ഡിഫൻസിവ് വാൾ സെറ്റ് ചെയ്യാൻ വേണ്ടിയാണോ കളി ഇത്രയും നേരം നിർത്തി വച്ചത് എന്നു തെറ്റിദ്ധരിക്കാം അല്ലെങ്കിൽ ഫൗൾ ചെയ്യപ്പെട്ട കളിക്കാരന് റിക്കവറി ടൈം കൊടുത്തതാണോ, വൈദ്യ സഹായം വേണോ അങ്ങനെ പല രീതിയിൽ തെറ്റിദ്ധരിക്കാം.
ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ഡിഫൻസിവ് വാൾ സെറ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്നാണ് തോന്നുന്നത്. ഗോളിയും അതിന് വേണ്ടി കളിക്കാർക്ക് നിർദ്ദേശം കൊടുക്കാൻ പോസ്റ്റ് വിട്ട് ഇറങ്ങി വന്നതാണ് എന്നാണ് മനസ്സിലാക്കുന്നത്. ആ സമയത്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് അടിച്ചു ഗോളക്കിയത് ഒരിക്കലും മാന്യമായ പ്രവൃത്തിയല്ല. പിന്നെ നിയമപ്രകാരം ഫ്രീക്കിക്കിന് വിസിൽ നിർബന്ധമില്ല, വാൾ വേണോ എന്നത് അറ്റാക്കിങ് ടീമിന്റെ തീരുമാനമാണ് എന്നൊക്കെ പറയാം. പക്ഷേ ഇവിടെ നടന്നത് ക്വിക്ക് റീസ്റ്റാർട്ട് അല്ല, മറിച്ച് തെറ്റിദ്ധരിപ്പിച്ച് ശ്രദ്ധ തിരിച്ച് ചതിയിലൂടെ നേടിയ ഗോളാണ്.
പിന്നെ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഇറങ്ങി പോക്ക് സ്പോർട്‌സ്മാൻ സ്പിരിറ്റിന് ചേർന്നതല്ല എന്നത് അംഗീകരിക്കുന്നതോടൊപ്പം അതൊരു വിപ്ലവകരമായ നിലപാടാണ് എന്നും പറയണം. കാരണം റഫറിമാരുടെ തെറ്റുകൾ കൊണ്ട് കളിയുടെ വിധി ആകെ മാറി മറിയുന്ന കാഴ്ച നമ്മൾ കാലങ്ങളായി കണ്ടിട്ടുണ്ട്. റഫറിയുടെ തീരുമാനം അന്തിമമാണ് എന്ന പതിവ് പല്ലവി മാറ്റാനുള്ള സമയമായി.
സാങ്കേതിക വിദ്യയുടെ കാലത്ത് പോലും സാങ്കേതിക വിദ്യ ഉപയോഗിക്കണോ വേണ്ടയോ എന്നത് പോലും റഫറിയുടെ തീരുമാനമാണ് എന്ന കോമഡി നിലനിൽക്കേ ബ്ലാസ്റ്റേഴ്‌സ് എടുത്ത ആത്മഹത്യാപരമായ നിലപാട് വരും കാലങ്ങളിൽ റഫറിയിങ്ങിൽ കൂടുതൽ ഗൗരവമായ മാറ്റങ്ങൾ കൊണ്ടു വരും എന്ന് പ്രതീക്ഷിക്കാം. റഫറി ചോദ്യം ചെയ്യപ്പെടലിന് അതീതനല്ല.























