| വേദനായകി
ജ്യാമ്യം ലഭിച്ചു ജയിലിൽ നിന്നിറങ്ങി എങ്കിലും എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദത്തില്‍ പ്രതിയായ പിപി ദിവ്യയെ സംഘടനാ തലത്തിൽ പൂര്‍ണ്ണമായും കൈവിടാന്‍ സിപിഎം നിര്‍ബന്ധിതരാവുന്നു.
കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പൊതു സമൂഹത്തില്‍ നിന്നും ഉയരുന്ന എതിര്‍പ്പ്, പത്തനംതിട്ട സിപിഎം ജില്ലാഘടകത്തിന്റെ സമ്മര്‍ദ്ദം, നവീന്‍ ബാബുവിന്റെ കുടുംബം എടുത്ത ഉറച്ച തീരുമാനങ്ങൾ , ഉടൻ നടക്കാനിരിക്കുന്ന നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പ് ഈ ഘടകങ്ങള്‍ എല്ലാം പരിഗണിച്ചാണ് അച്ചടക്ക നടപടിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയിരിക്കുന്നത്.
കേരളത്തിലെ സിപിഎമ്മിൽ ഇത് സമ്മേളനകാലമാണ്. ഇതിനോടകം ലോക്കല്‍ സമ്മേനങ്ങള്‍ പൂര്‍ത്തിയാക്കി ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്. ഈ കാലയളവിൽ പൊതുവെ സിപിഎമ്മില്‍ അച്ചടക്ക നടപടി പതിവുള്ളതല്ല. പക്ഷെ ഇതുവരെയുള്ള കീഴ്‌വഴക്കങ്ങൾ എല്ലാം മാറ്റിവച്ചാണ് കണ്ണൂരിലെ യുവനേതാവായ പിപി ദിവ്യക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സംഘടനാ തലത്തിൽ ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുകയാണ് ചെയ്തിരിക്കുന്നത്. സിപിഎമ്മിലെ കടുത്ത അച്ചടക്ക നടപടികളില്‍ ഒന്നാണിത്. ജില്ലാ കമ്മറ്റിയംഗമായ ദിവ്യ ഇനി ഏറ്റവും കീഴ്ഘടകമായ ബ്രാഞ്ച് കമ്മറ്റിയംഗമായി മാറും. കേസിൽ പ്രതിയായ ശേഷം ദിവ്യയെ രക്ഷിച്ചെടുക്കാനും ന്യായീകരിക്കാനും നടത്തിയ ശ്രമങ്ങളെല്ലാം പാളിയതോടെയാണ് അനിവാര്യമായ അച്ചടക്ക നടപടിയിലേക്ക് കടന്നത്.
ദിവ്യയെ ന്യായീകരിച്ചുകൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി ആദ്യം ഇറക്കിയ സദുദ്ദേശ്യ സിദ്ധാന്തം പൊളിഞ്ഞതോടെയാണ് പേരിനെങ്കിലും നടപടികളിലേക്ക് കടന്നത്. സിപിഎമ്മിൽ പികെ ശ്രീമതിക്കും പി സതീദേവിക്കും കെകെ ശൈലജയ്ക്കും ശേഷം സിപിഎമ്മിന്റെ വനിതാ മുഖമാകുന്ന തരത്തില്‍ മുന്നേറിയിരുന്ന നേതാവായിരുന്നു പിപി ദിവ്യ.
ഇനിവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലയിൽ നിന്നും ഏതെങ്കിലും ഉറച്ച മണ്ഡലം പ്രതീക്ഷിച്ചിരുന്ന ദിവ്യയാണ് അമിത ആവേശം കാരണം ജയിലില്‍ ആയിരിക്കുന്നത് .