നഗരമധ്യത്തിൽ പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിക്കുന്ന ലിവർപൂൾ ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി. അമ്പതോളം പേർക്ക് പരിക്കേൽക്കുകയും 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
സംഭവത്തിൽ 53 കാരനായ ബ്രിട്ടീഷ് പൗരനായ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിൻ്റെ 20-ാമത് ടോപ്പ്- ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കാൻ നടന്ന ഓപ്പൺ-ടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്കാണ് സംഭവം.
തെരുവിൽ നിരന്നിരുന്ന ആരാധകരുടെ വലിയ ജനക്കൂട്ടത്തിലേക്ക് ഒരു കാർ അതിവേഗം പാഞ്ഞു കയറിയതും നിരവധിപ്പേരെ ഇടിച്ചിടുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമറും ലിവര്‍പൂള്‍ ക്ലബ്ബും അപലപിച്ചു. ലിവർപൂളിലെ കാഴ്‌ചകൾ ഭയാനകം ആയിരുന്നുവെന്നും അടിയന്തര സേവനങ്ങൾക്ക് പൊലീസിനോട് നന്ദി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ചിലരെ ആദ്യം ഇടിച്ചതിന് ശേഷം കാർ നിർത്തി. തുടർന്ന് ആളുകൾ വാഹനത്തിന് നേരെ പാഞ്ഞു കയറുകയും ജനാലകൾ തകർക്കുകയും ചെയ്‌തു. ഇതോടെ ഡ്രൈവർ മുന്നോട്ട് പോകുകയും നിരവധി പേരെ ഇടിക്കുകയും ചെയ്‌തു.
സംഭവവുമായി ബന്ധപ്പെട്ട് മെഴ്‌സിസൈഡ് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലിവർപൂൾ ഫുട്‌ബോൾ ക്ലബ് അറിയിച്ചു. “ഈ ഗുരുതരമായ സംഭവത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകൾ. ഈ സംഭവം കൈകാര്യം ചെയ്യുന്ന അടിയന്തര സംവിധാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഞങ്ങൾ തുടർന്നും പൂർണ പിന്തുണ നൽകും,” -എന്ന് ലിവർപൂൾ ഫുട്‌ബോൾ ക്ലബ് എക്‌സിൽ പറഞ്ഞു.
ഇംഗ്ലണ്ടിലെ ഫുട്ബോൾ ടീമായ ലിവർപൂളും ജീവനക്കാരും പ്രീമിയർ ലീഗ് ട്രോഫിയുമായി ആഘോഷിക്കാൻ തുറന്ന ബസിൽ നഗരമധ്യത്തിലൂടെ പരേഡ് നടത്തുമ്പോൾ ലക്ഷക്കണക്കിന് ആരാധകർ തെരുവുകളിൽ അണിനിരന്നപ്പോൾ ആണ് സംഭവം.
അറസ്റ്റ് ചെയ്‌ത ആളുടെ വിവരണം പുറത്തുവിടാൻ പോലീസ് വേഗത്തിൽ നടപടി സ്വീകരിച്ചു. സംഭവം ഇസ്ലാമിക ആക്രമണമാണെന്ന് സൂചിപ്പിക്കുന്ന സോഷ്യൽ മീഡിയ ഊഹാപോഹങ്ങൾ തടയുന്നതിനാണ് ഈ തീരുമാനമെന്ന് ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസിലെ മുൻ ചീഫ് സൂപ്രണ്ടായ ദാൽ ബാബു ബിബിസിയോട് പറഞ്ഞു.























