റിപ്പോർട്ടർ ചാനലിനെതിരെ വ്യാജവാർത്ത സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് 24 ന്യൂസിനെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തു. ബാർക് റേറ്റിങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന്റെ ആരോപണപ്രകാരം 24 ന്യൂസ് ചാനൽ മാനേജിംഗ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ, ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ് എന്നിവർ ഉൾപ്പെടെ ആറ് പേരുടെ പേര് കളമശ്ശേരി പൊലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തി.
കേസിൽ ശ്രീകണ്ഠൻ നായർ ഒന്നാം പ്രതിയും മകൻ ശ്രീരാജ് രണ്ടാം പ്രതിയുമാണ്. ഫ്ലവേഴ്സ് ചാനൽ സിഇഒ ഉണ്ണികൃഷ്ണൻ, 24 ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർമാരായ കെ. ആർ. ഗോപീകൃഷ്ണൻ, ബി. ദിലീപ് കുമാർ, ചെയർമാൻ ആലുങ്കൽ മുഹമ്മദ് എന്നിവർ മൂന്നും ആറുവരെ പ്രതികളായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് വാട്സ്ആപ്പ് ചാറ്റുകൾ ചോർത്തി എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ‘ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ ചേർന്ന് വാട്സ്ആപ്പ് ചാറ്റുകൾ കൈക്കലാക്കി, അതിൽ കൃത്രിമമായ വിവരങ്ങൾ ചേർത്ത് ബാർക് ജീവനക്കാരന് 100 കോടി രൂപ കൈക്കൂലി നൽകിയെന്നുറപ്പിക്കുന്ന തരത്തിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ സൃഷ്ടിച്ച് വാർത്തയായി പ്രചരിപ്പിച്ചു. ഇതിലൂടെ പരാതിക്കാരന് നേരിട്ട് 25 കോടിയും പരോക്ഷമായി 100 കോടിയും നഷ്ടമായി എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഭാരതീയ ന്യായസംഹിതയിലെ 316(2), 318(4), 336(3), 3(5) വകുപ്പ്, കൂടാതെ ഐടി ആക്ട് 66, 72 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.























