എഡിഎം കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിബിഐ കൂട്ടിലടിച്ച തത്തയെന്നാണ് വിമർശനം. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്ന് എം.വി ഗോവിന്ദൻ പറയുന്നു. കോടതി കേസ് ഡയറി പരിശോധിച്ച് വിഷയത്തിൽ തീരുമാനം പറയട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സിബിഐ അന്വേഷണത്തെ കുറിച്ച് സിപിഐഎമ്മിന് വ്യക്തമായ നിലപാട് ഉണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് സിപിഐഎമ്മെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നു. സിബിഐ അന്വേഷണമാണ് എല്ലാത്തിൻ്റയും അവസാനമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതിലേക്ക് കാര്യങ്ങൾ നീക്കുന്നതാണ് സിബിഐ. അതിൻ്റ ഭാഗമാണ് ഇ.ഡിയും. ഇത് പറയുന്നതിൽ മാറ്റമുണ്ടാകില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീൻ ബാബുവിൻ്റെ കുടുംബം ആരോപിച്ചു. നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പേരിന് മാത്രമെന്ന് കുടുംബം ഹൈക്കോടതിയിൽ പറഞ്ഞു.
അതിനിടെ, സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരുമെന്നും പി.വി അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും പി.പി ദിവ്യയുടെ ഭർത്താവും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടെന്നും പി.വി അൻവർ ആരോപിച്ചു.
ADGP എം.ആർ അജിത് കുമാർ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കൃത്യമായ തെളിവുകൾ നൽകിയിട്ടും നടപടി എടുത്തില്ലെന്നും പി.വി അൻവർ പറഞ്ഞു. സർക്കാർ നീട്ടിക്കൊണ്ട് പോവുകയാണ്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.വി ഗോവിന്ദൻ്റെ പ്രസ്താവന സംശയത്തിൻ്റെ നിഴലിലാണ്. സി.ബി.ഐ കേസ് അന്വേഷിച്ചാൽ കുറ്റക്കാരല്ലാത്തവരെ പ്രതിചേർക്കുമോ എന്നാണ് ഇതിനകം ഉയരുന്ന ചോദ്യങ്ങൾ. പി.പി ദിവ്യക്ക് സർക്കാർ തലത്തിലും രാഷ്ട്രീയ തലത്തിലും വലിയ സ്വാധീനമുള്ള സാഹചര്യത്തിൽ കേരള പോലീസിൻ്റെ കേസ് അന്വേഷണത്തിൽ നവീൻ ബാബുവിൻ്റെ കുടുംബം അസതൃപ്തി പ്രകടിപ്പിച്ചിരുന്നു.