ജമ്മു കാശ്‌മീരില്‍ വെടിനിര്‍ത്തല്‍ ഇല്ലാതായിരിക്കുന്നുവെന്നും ശ്രീനഗറിലെ വ്യോമ പ്രതിരോധ സംവിധാനം സജ്ജമായിയെന്നും ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. വെടിനിര്‍ത്തല്‍ എവിടെയാണെന്ന് മനസിലാകുന്നില്ലെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്‌ദങ്ങള്‍ കേട്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുവിലും കാശ്‌മീരിലും വിവിധ ഇടങ്ങളില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജമ്മുവില്‍ ഒന്നിലധികം ഇടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനഗറില്‍ തുടര്‍ച്ചയായി ഉഗ്രസ്‌ഫോടനങ്ങള്‍ കേട്ടതായി പ്രദേശ വാസികള്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി വിവരമുണ്ട്. ശ്രീനഗറിലെ ഖന്യാര്‍ പ്രദേശത്ത് ഡ്രോണുകൾ വെടിവച്ചു വീഴ്ത്തി. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ വിളിച്ചത്. അതനുസരിച്ചാണ് വെടിനിര്‍ത്തല്‍ ധാരണയായത്. 12ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടക്കും. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമായെന്നും കര, വ്യോമ, കടല്‍ മാര്‍ഗങ്ങളില്‍ വെടിനിര്‍ത്തലിനാണ് തീരുമാനമെന്നും ആണ് കേന്ദ്ര വക്താക്കൾ നേരത്തെ അറിയിച്ചിരുന്നത്.