പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് ശേഷം ഭീകരവാദികളെ ‘മിലിറ്റന്റുകൾ ‘ എന്ന് വിശേഷിപ്പിച്ച ബിബിസിയുടെ റിപ്പോർട്ടുകൾക്കെതിരെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി കത്ത് അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു . (ഒരു രാഷ്ട്രീയ അല്ലെങ്കിൽ സാമൂഹിക ലക്ഷ്യത്തെ പിന്തുണച്ച് അക്രമാസക്തമായ രീതികൾ അവലംബിക്കുന്ന ഏതൊരു വ്യക്തിയെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പൊതുവായ പദമാണ് മിലിറ്റന്റ് അഥവാ ‘സായുധവാദി’. )
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരവാദികളെ ‘ മിലിറ്റന്റുകൾ ‘ എന്ന് ന്യൂയോർക്ക് ടൈംസ് പരാമർശിച്ചതിന് ശേഷം അടുത്തിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ന്യൂയോർക്ക് ടൈംസിനെ വിമർശിച്ചിരുന്നു . കലാപങ്ങളോ സംഘർഷങ്ങളോ പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിഷ്പക്ഷത പാലിക്കാൻ NYT , റോയിട്ടേഴ്‌സ് പോലുള്ള പ്രസിദ്ധീകരണങ്ങൾ പലപ്പോഴും ‘ഭീകരവാദി ‘ എന്നതിന് പകരം ‘മിലിറ്റന്റ്’ എന്ന വാക്ക് ഉപയോഗിക്കുന്നു.
രണ്ട് വാക്കുകളും ബലപ്രയോഗത്തെയോ അക്രമത്തെയോ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഒരു രാജ്യത്ത് പിരിമുറുക്കം സൃഷ്ടിക്കുന്നതിനോ സർക്കാരിനെ ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ നിർബന്ധിക്കുന്നതിനോ വേണ്ടി ഒരു വിദേശ പിന്തുണയുള്ള സ്ഥാപനം/ ഗ്രൂപ്പുകൾ ബലപ്രയോഗം നടത്തുന്നതിനെയാണ് ഭീകരവാദം എന്ന് സാധാരണ പറയുന്നത്.