1 July 2024

ചൈനയുടെ ചാന്ദ്ര പേടകം ലക്ഷ്യം പൂർത്തിയാക്കി; തിരിച്ചെത്തിയത് സാമ്പിളുമായി

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലെ ഐറ്റ്കെനിലെ അപ്പോളോ ഗർത്തത്തിൽ നിന്ന് ഏകദേശം 2 കിലോഗ്രാം സാമ്പിളാണ് ചാങ്ഇ ശേഖരിച്ചത്. ഇതാദ്യമായാണ് ഒരു പേടകം ലൂണാർ ഓർബിറ്റിൽ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നത്.

ചൈനയുടെ ചാങ്ഇ-6 ചാന്ദ്ര പേടകം ലക്ഷ്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. ചന്ദ്രന്‍റ വിദൂര ഭാഗത്തു നിന്നുള്ള പാറപ്പൊടികളുമായാണ് ചാങ്ഇ തിരിച്ചെത്തിയത്. ചാന്ദ്ര പര്യവേഷണത്തിലും ചൈനയുടെ ബഹിരാകാശ ഗവേഷണത്തിലും സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ് ചാങ്ഇ ദൌത്യം.

മംഗോളിയയിലാണ് ചാങ്ഇ ലാൻഡ് ചെയ്തത്. മെയ് 3 ന് ഹൈനാനിൽ നിന്നാണ് ചാങ്ഇ വിക്ഷേപിച്ചത്. വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച്-5 വൈബി റോക്കറ്റിലായിരുന്നു വിക്ഷേപണം. 53 ദിവസത്തെ പര്യടനത്തിന് ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലെ ഐറ്റ്കെനിലെ അപ്പോളോ ഗർത്തത്തിൽ നിന്ന് ഏകദേശം 2 കിലോഗ്രാം സാമ്പിളാണ് ചാങ്ഇ ശേഖരിച്ചത്. ഇതാദ്യമായാണ് ഒരു പേടകം ലൂണാർ ഓർബിറ്റിൽ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഈ പ്രദേശത്തെ കുറിച്ചുള്ള പഠനത്തിൽ ശാസ്ത്രജ്ഞർക്ക് പ്രത്യേക താൽപ്പര്യമുണ്ട്.

ബഹിരാകാശ പര്യവേഷണത്തിൽ ചൈനയുടെ സ്ഥാനമുറപ്പിക്കുന്നതാണ് ഈ ദൌത്യം. റോബോട്ടിന്‍റെ സഹായത്തോടെയാണ് ചാങ്ഇ മണ്ണിന്‍റെയും പാറയുടെയും സാമ്പിളുകൾ ശേഖരിച്ചത്. അവ തിരികെ റോക്കറ്റ് വഴി ഭൂമിയിലേക്ക് കൊണ്ടുവന്നു.

സാമ്പിളുകൾ ചന്ദ്രൻറെ ഭൂമിശാസ്ത്ര ചരിത്രത്തെക്കുറിച്ചും അതിന്‍റെ സമീപവും വിദൂരവുമായ വശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും വിലപ്പെട്ട കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ. ചന്ദ്രന്‍റെയും ഗ്രഹങ്ങളുടെയും രൂപീകരണത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ലഭിച്ചേക്കും. 2019ൽ ചന്ദ്രന്‍റെ മറുവശത്ത് ചൈന റോവർ ഇറക്കിയിരുന്നു.

ചാങ്’ഇ 4 എന്ന ചാന്ദ്ര പേടകം ഉപയോഗിച്ചായിരുന്നു നേട്ടം കൈവരിച്ചത്. ഒരു പേടകം 1970-കൾക്ക് ശേഷം ആദ്യമായി ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ തിരികെ കൊണ്ടുവന്നു. വരുന്ന നാല് വർഷത്തിനുള്ളിൽ മൂന്ന് ചാന്ദ്രപര്യവേഷണ ദൗത്യങ്ങളാണ് ചൈന പദ്ധതിയിടുന്നുത്. 2030ൽ മനുഷ്യരെ ചന്ദ്രനിലിറക്കാനാണ് ചൈനയുടെ പദ്ധതി. അതേസമയം 2026-ൽ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News