| ശ്രീകാന്ത് പികെ
കണ്ണൂർ ജില്ലയിലെ ഒരു പ്രധാനപ്പെട്ട ഗ്രാമ പ്രദേശമാണ് തില്ലങ്കേരി. ഒരു പക്ഷെ സോഷ്യൽ മീഡിയയിൽ പേരിന്റെ കൂടെ സ്ഥലപ്പേര് ചേർത്തവരെ ഏറ്റവും കൂടുതൽ ഈ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത് തില്ലങ്കേരി എന്ന പേരുമായി ചേർത്തായിരിക്കും. വത്സൻ തില്ലങ്കേരി മുതൽ ഏറ്റവുമൊടുവിൽ ആകാശ് തില്ലങ്കേരി വരെ കുപ്രസിദ്ധിയോടെ വാർത്തകളിൽ നിറയുമ്പോൾ പല തരത്തിലുള്ള തമാശകളും ട്രോളുകളും ചില പരിഹാസങ്ങളും ഈ ഗ്രാമത്തിന്റെ പേരിനെ കുറിച്ച് ഉയർന്നു വരുന്നത് കണ്ടു. അങ്ങനെയുള്ള സമയത്ത് തന്നെ തില്ലങ്കേരിയുടെ മറവിയിൽ മാഞ്ഞ ചരിത്രവും കൂടി പറയാമെന്ന് തോന്നുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലനാമമാണ് തില്ലങ്കേരി. കയ്യൂർ – കരിവെള്ളൂർ – പുന്നപ്ര – പാട്യം – കാവുമ്പായി – മുനയൻകുന്ന് – പാടിക്കുന്ന് – കോറോം, … തുടങ്ങിയ പോരാട്ട ഭൂമികകളുടെ കൂട്ടത്തിൽ എഴുതി ചേർക്കപ്പെട്ട പേര്. ജന്മിത്വ – സാമ്രാജ്യത്വ വിരുദ്ധ കർഷക – തൊഴിലാളി പോരാട്ടങ്ങളെ തുടർന്നുള്ള രക്തസാക്ഷിത്വങ്ങളെ കൊണ്ട് ചുവന്ന മണ്ണ്. പുന്നോൽ പെട്ടിപ്പാലം കടലോരത്ത് ധീരരായ കമ്യൂണിസ്റ്റ് രക്ത സാക്ഷികൾ അന്ത്യ വിശ്രമം കൊള്ളുന്ന നാട്.
അവിഭക്ത കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ വളർച്ചയുടെ ഘട്ടത്തിൽ മലബാറിലെ നിരന്തരമായ കർഷക – തൊഴിലാളി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച അസഖ്യം നേതാക്കളും പാർടി കേഡർമാരും തില്ലങ്കേരിയുടെ സംഭാവനയായിരുന്നു. കീഴടങ്ങലുകളില്ലാത്ത പ്രതിരോധമെന്ന പേര് കേട്ട ‘കണ്ണൂർ പാർടി മോഡലിന്റെ’ ആദ്യ ഊർജ്ജം പകർന്ന മണ്ണാണ് തില്ലങ്കേരി.
പാർടി നിരോധിക്കപ്പെട്ട 1948 കാലം കടുത്ത ക്ഷാമകാലം കൂടിയായിരുന്നു. പട്ടിണി പാവങ്ങളായ തൊഴിലാളികൾക്ക് ജീവൻ നിലനിർത്താൻ പോലും കഴിക്കാൻ ഭക്ഷണമില്ലാത്ത കാലം. ആ അവസരത്തിൽ ജന്മിമാർക്ക് വെച്ചു കാണൽ (ജന്മി വീടുകളിൽ പത്തായത്തിൽ നെല്ല് ചാക്കുകളുടെ കൂമ്പാരം ) ഇനി തുടരേണ്ടെന്ന് കർഷക സംഘം തീരുമാനിച്ചു. തില്ലങ്കേരിയിലെ കർഷകർ ഉരി അരിക്ക് വേണ്ടി കൈയ്യിലുള്ള പണം സ്വരുപിച്ച് ജന്മി വിടുകളിലേക്ക് ജാഥ നടത്തി. അതിനെ പോലീസും – കോൺഗ്രസ് ഗൂണ്ടകളും ചേർന്ന് നേരിട്ടത് കൊടിയ മർദ്ധനം അഴിച്ചു വിട്ട് കൊണ്ടായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ജന്മി – നാടുവാഴി ചൂഷണത്തിനെതിരായി ജനകീയ ജനാധിപത്യത്തിനായി തില്ലങ്കേരിയിലെ വയലിലൂടെ ചെങ്കൊടികളുമുയർത്തി പ്രകടനം നടത്തുകയായിരുന്ന ഒരു പറ്റം പാർടി സഖാക്കൾക്ക് നേരെ ജന്മിമാരുടെ ഒത്താശയോടെ കൈതക്കാട്ടിൽ ഒളിച്ചിരുന്ന പോലീസ് ഒരു പ്രകോപനവുമില്ലാതെ വെടിയുതിർത്തു. സഖാക്കൾ സി.അനന്തൻ, സി. ഗോപാലൻ, കുണ്ടാഞ്ചേരി ഗോവിന്ദൻ, പോരു കണ്ടി കൃഷ്ണൻ, വെള്ളുവക്കണ്ടി രാമൻ, നമ്പിടിക്കുന്നുമ്മൽ നാരായണൻ നമ്പ്യാർ, കാറാട്ട് കുഞ്ഞമ്പു എന്നിവർ പുരളിമലയുടെ താഴ്വാരത്ത് ആ തില്ലങ്കേരി വയലിൽ പിടഞ്ഞു വീണു രക്തസാക്ഷിത്വം വരിച്ചു.
വെടിയേറ്റ സി.ഗോപാലൻ വയലിലൂടെ ഇഴഞ്ഞുനീങ്ങി. ഇതുകണ്ട അധികാരിയുടെ ശിങ്കിടി കോൽക്കാരൻ ഉഴവു കോലെടുത്ത് ഗോപാലനെ തല്ലിക്കൊന്നു. തത്സമയം കൊല്ലപ്പെട്ട ഏഴു പേരുടെ മൃതദേഹം പോലും ബന്ധുക്കൾക്ക് വിട്ടു കൊടുത്തില്ല. പോലീസ് എല്ലാ മൃത ശരീരങ്ങളും ഒന്നിച്ച് ചാക്കിൽ കെട്ടി ജീപ്പിലിട്ട് അടുത്തുള്ള പുന്നോൽ കുറിച്ചിയിൽ പെട്ടിപ്പാലം കടലോരത്തേക്ക് കൊണ്ട് പോയി മാലിന്യ കൂമ്പാരത്തിൽ വലിച്ചെറിഞ്ഞു കുഴിയിലിട്ടു മൂടി. പിന്നീട് എത്രയോ കാലങ്ങളോളം കമ്യൂണിസ്റ്റ് പാർടിയുടെ പ്രതിഷേധ പ്രകടനങ്ങളായാലും ആഹ്ലാദ പ്രകടനങ്ങളായാലും ആ വഴി കടന്ന് പോകുമ്പോൾ പ്രകടനങ്ങൾ നിശബ്ദമാകുമായിരുന്നു. പുന്നോൽ കടലോരത്തേക്ക് നിശബ്ദവും രൗദ്രവുമായി നോക്കി ദീർഘ നിശ്വാസത്തോടെ അവർ മുഷ്ടി ചുരുട്ടുമായിരുന്നു.
ആ രക്തസാക്ഷിത്വങ്ങൾ പക്ഷേ പാഴായില്ല. തില്ലങ്കേരിയിൽ മാത്രമല്ല മട്ടന്നൂർ,കൂത്തുപറമ്പ, മുതൽ വടകര വരെ നീളുന്ന ബെൽറ്റിൽ പാർടി സംഘടനയെ സുശക്തമാക്കി, ഗ്രാമങ്ങളെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉറച്ച കോട്ടകളാക്കി മാറ്റി. തില്ലങ്കേരി സമര സഖാക്കളെ അനവധി കള്ളക്കേസുകളിൽ കുടുക്കി കണ്ണൂർ – സേലം ജയിലുകളിലേക്കയച്ചു. 1950 ഫെബ്രുവരി പതിനൊന്നിന് സേലം ജയിലിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട ഇരുപത്തി രണ്ടു പേരിൽ 5 പേർ തില്ലങ്കേരിയിൽ നിന്നുള്ള സഖാക്കളായിരുന്നു. സഖാക്കൾ നക്കായി കണ്ണൻ, അമ്പാടി ആചാരി, കൊയിലോടൻ നാരായണൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ എന്നിവർ. 1954- ലെ ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിനിടെ ചെറുകല്ലായിയിലെ പട്ടാള ക്യാമ്പ് പിടിച്ചെടുക്കാനുള്ള ഐതിഹാസികമായ നീക്കത്തിനിടയിൽ രണ്ട് സഖാക്കൾ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചിരുന്നു.
ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ച് കൊണ്ട് സഖാക്കൾ പുറപ്പെട്ടത് തില്ലങ്കേരി രക്തസാക്ഷികളുടെ കുഴിമാടത്തിന് മുന്നിൽ നിന്ന് അഭിവാദ്യങ്ങൾ സ്വീകരിച്ച് കൊണ്ടായിരുന്നു. പിൽകാലത്ത് CPI(M),CPI എന്നീ പാർട്ടികളുടെ സംസ്ഥാന സെക്രട്ടറി അടക്കം അസഖ്യം മുൻ നിര നേതാക്കൾ പങ്കാളികളായ ഒരു പോരാട്ടമായിരുന്നു അത്. തില്ലങ്കേരി സമര പോരാട്ടങ്ങളുടെ ചരിത്രത്തെ ആസ്പദമാക്കി ‘1948- കാലം പറഞ്ഞത്’ എന്ന പേരിൽ ഒരു മലയാള സിനിമ പുറത്ത് വന്നിട്ടുണ്ട്.
അവിടെ നിന്നിങ്ങോട്ട് കണ്ണൂർ സംഘർഷ ഭൂമികയായിരുന്ന കാലത്ത് ആർ.എസ്.എസിനോട് പടവെട്ടി പ്രതിരോധിച്ചു നിന്നവരിലും മുന്നിൽ തില്ലങ്കേരിക്കാരുണ്ടായിരുന്നു. സി.പി.ഐ.(എം) – ആർ.എസ്.എസ് സംഘർഷ കാലത്ത് വത്സൻ തില്ലങ്കേരിയെ ആർ.എസ്.എസ് നാട്ടിൽ നിന്ന് മാറ്റി നാഗ്പൂരിലേക്ക് അയക്കുകയാണ് ചെയ്തത്.
ഡി.വൈ.എഫ്.ഐ നേതാവായ സഖാവ് ഷാജർ എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ ഒരു വരിയിൽ പറയുന്നുണ്ട് ‘തില്ലങ്കേരിയുടെ ചരിത്രവും നാമവും സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന്. ‘ ട്രോളുകൾക്കും തമാശകൾക്കും ചില പരിഹാസങ്ങൾക്കുമപ്പുറം തില്ലങ്കേരി എന്നത് അങ്ങനെ ദുരുപയോഗം ചെയ്യപ്പെടാതെ കിടക്കേണ്ട അനേകം പേരുകളിൽ ഒന്നായ ഒരു നാമവും ചരിത്രവുമായിരുന്നു