| ശ്രീകാന്ത് പികെ
ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഹിന്ദു മഹാസഭ ഗോഡ്‌സെയെ ആഘോഷിച്ചു. അത് ഒരു പുതിയ കാര്യമല്ല. 2014 – ന് മുന്നേ സൈലന്റായും അതിന് ശേഷം വയലന്റായും അവരത് ചെയ്യാറുണ്ട്. ഇത്തവണ ഗോഡ്‌സെയെ ആദരിച്ച് കൊണ്ട് നടത്തിയ പരിപാടിയിൽ ‘ഗാന്ധിയുടെ ആത്മാവും ഗാന്ധിസവും ഇന്ത്യയുടെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന്’ ഹിന്ദു മഹാ സഭ പ്രഖ്യാപിച്ചു. ഈ വാർത്ത റിപ്പോർട്ട് ചെയ്ത് കൊണ്ടുള്ള പത്രക്കട്ടിങ് പങ്കുവച്ചു കൊണ്ട് എഴുത്തുകാരി കെ. ആർ മീര ‘തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തി അഞ്ച് കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദു മഹാസഭ.’ എന്ന തലക്കെട്ടോട് കൂടി ഒരു പോസ്റ്റ് ഫെയ്സ് ബുക്കിലെഴുതിയിടുന്നു.
ഗാന്ധി എന്ന ‘സർ നെയിം’ മാത്രം മോഷ്ടിച്ച് ഗാന്ധിസത്തിന്റെ ആശയങ്ങൾ കുഴിച്ചു മൂടിയ കോൺഗ്രസിനോടുള്ള രാഷ്ട്രീയ വിമർശനം തന്നെയാവാം കെ. ആർ മീര നടത്തിയത്. അനുകൂലിച്ചും പ്രതികൂലിച്ചും അക്രമിച്ചുമൊക്കെ ഒരുപാട് എഴുത്തുകൾ വന്നു. സാഹിത്യ ലോകത്തെ വന്മരങ്ങൾ മുതൽ അശുക്കൾ വരെ ഈഗോ ക്ലാഷുകൾ തീർക്കാൻ അവസരമുപയോഗിക്കുന്നതും കണ്ടു.
അതെന്തോ ആകട്ടെ. ഇതേ ദിവസം തന്നെ സാക്കിയ ജാഫ്രി അന്തരിച്ചു. ഗാന്ധിയുടെ നാട്ടിലെ കോൺഗ്രസ് എം.പിയായിരുന്ന ഏഹ്സാൻ ജാഫ്രിയുടെ വിധവയായിരുന്നു. ഗുജറാത്ത് വംശഹത്യാ കാലത്ത് നരേന്ദ്ര മോദിയുടെ നിഴലിന് കീഴിൽ സംഘപരിവാർ തീവ്രവാദികൾ ചുട്ടു കൊ ന്ന ഗുജറാത്തിലെ കോൺഗ്രസ് നേതാവ്. ഇതുപോലൊരു ഫെബ്രുവരി മാസത്തിൽ 2002 ഫെബ്രുവരി 28 – ന് ഹിന്ദുത്വ തീവ്രവാദികൾ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ജാഫ്രിയുടെ വീട്ടിലേക്ക് ഓടി കയറിയ 69 പേർക്കൊപ്പം ആ കോൺഗ്രസ് നേതാവും വെന്തു മരിച്ചു.
സാക്കിയ ജാഫ്രി നീതി തേടി കയറി ഇറങ്ങാത്ത പടവുകളില്ല. ഗുജറാത്തിൽ നിന്ന് വണ്ടി പിടിച്ച് ഡൽഹിയിൽ പോയി സോണിയാ – രാഹുൽ ഗാന്ധിമാരെ കാണാൻ അഞ്ച് ദിവസം താമസിച്ചു. ഇരുവരും കാണാൻ പോലും കൂട്ടാക്കിയില്ല. രാഹുൽ ഗുജറാത്തിൽ എത്തിയ സമയം കാണാൻ ശ്രമിച്ചിട്ടും അനുമതി കിട്ടിയിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ഗുജറാത്ത് നിയമ സഭാ തെരഞ്ഞെടുപ്പ് കാലത്ത് കലാപത്തെ കുറിച്ച് ഇലക്ഷൻ പ്രചരണങ്ങളിൽ മിണ്ടരുത് എന്ന് നേതാക്കൾക്കും അണികൾക്കും കോൺഗ്രസ് നിർദ്ദേശം കൊടുത്തു. വംശഹത്യാ കാലത്തും ഇന്നും ഗുജറാത്തിലെ മുഖ്യ പ്രതിപക്ഷമാണ് കോൺഗ്രസ്.
മരിക്കുന്നത് വരെ സാക്കിയ ജാഫ്രിക്ക് നിയമ സഹായവും സാമ്പത്തിക സഹായവും നൽകിയവരുടെ കൂട്ടത്തിൽ സി.പി.ഐ.(എം) എന്ന പാർടിയുമുണ്ട്.
ഏഹ്സാൻ ജാഫ്രി സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരവാദത്തിനെതിരെ മനുഷ്യപക്ഷത്ത് നില നിന്ന് കൊണ്ട് സ്വന്തം ജീവൻ പകരം നൽകേണ്ടി വന്ന രക്തസാക്ഷിയാണ്. സത്യത്തിൽ ആർ.എസ്.എസിനെതിരെ ബിജെപിക്കെതിരെ ആശയപരവും രാഷ്ട്രീയപരവുമായ പോരാട്ടത്തിൽ കോൺഗ്രസ് രാജ്യം മുഴുവൻ അതിശക്തമായി ഉയർത്തിക്കാണിക്കേണ്ടിയിരുന്ന പേര്. ഇന്ദിരാ ഗാന്ധിക്ക് അടുപ്പമുണ്ടായിരുന്ന പേര്. അടിയന്തരാവസ്ഥക്ക് ശേഷം കോൺഗ്രസ് വലിയ തിരിച്ചടി നേടിയ തെരഞ്ഞെടുപ്പിൽ പോലും ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പാർടി ചിഹ്നത്തിൽ ജയിച്ച നേതാവ്. എന്നാൽ അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനത്തിൽ പോലും ആ പേര് ഓർക്കുന്നത് കുറച്ച് കമ്യൂണിസ്റ്റുകാർ മാത്രമായിരുന്നു.
സാക്കിയ ജാഫ്രി അന്തരിച്ചു ഈ നേരമായിട്ടും രാഹുൽ – പ്രിയങ്കാ – സോണിയാ ഗാന്ധിമാർ മുതൽ കെ.സുധാകരൻ – വി.ഡി സതീശന്മാരുടെ പോലും ഒരു പ്രസ്താവന ഉണ്ടായിട്ടില്ല. അവരുടെ ഫെയ്സ് ബുക്ക് വാളിൽ പോലും അങ്ങനെയൊരു പേര് അറിയാതെ പോലും കടന്ന് കൂടിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ സാക്കിയ ജാഫ്രിയെ അനുസ്മരിച്ചിട്ടുണ്ട്.
സംഘപരിവാറിന്റെ ആക്രമണോത്സുക പ്രത്യയശാസ്ത്രത്തിനെതിരെ ഒന്നിച്ചു നിന്ന് പോരാടാനും പ്രതിരോധമുയർത്താനും ഏവർക്കും ഊർജ്ജം പകരുന്നതാണ് സാക്കിയ ജാഫ്രിയുടെ സ്മരണകൾ എന്ന് പിണറായി വിജയൻ എഴുതി. വർഗീയതക്കെതിരെ, നീതിക്ക് വേണ്ടി തന്റെ ജീവിതം തന്നെ പോരാട്ടമാക്കിയ ഒരു ധീര വനിതയാണ് വിട്ട് പിരിഞ്ഞത്.