| സയിദ് അബി
സിപിഐഎമ്മിന്റെ സ്റ്റേറ്റ് നേതൃത്വം പാർട്ടിയുടെ ബ്രാഞ്ച് തലം വരെ പ്രചരിപ്പിച്ച ഒരു ഭരണനേട്ടമുണ്ട്. ‘പാർട്ടി സെൽ ഭരണം’ അവസാനിപ്പിച്ചു എന്നതാണ് ആ നവകേരളരേഖ. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഭരണ/പോലീസ്/സർക്കാർ സംവിധാനങ്ങളിൽ സത്യസന്ധമായി ഇടപെടേണ്ടി വരുന്ന സാമൂഹികസാഹചര്യങ്ങൾക്ക് ചരിത്രപരമായ ചില യാഥാർഥ്യങ്ങളുണ്ട്.രാഷ്ട്രീയഅധികാരങ്ങൾക്ക് താഴെ നിലനിൽക്കുന്ന ബ്യുറോക്രസിയിലും സർക്കാർ സംവിധാനങ്ങളിലും കമ്യൂണിസ്റ്റുകാരുടെ സമൂഹത്തിന് കാര്യമായ റോളൊന്നും ഉണ്ടായിരുന്നില്ല.
കടുത്ത അവഗണനയും പീഡനവും കമ്യൂണിസ്റ്റ് അനുഭാവികൾക്ക് മാത്രം ഏൽക്കുന്ന കാലത്താണ് കമ്യൂണിസ്റ്റുകാർ രാഷ്ട്രീയ അധികാരത്തിലേക്ക് കേരളത്തിൽ വരുന്നത്.എന്നാൽ മേൽക്കിടമധ്യവർഗ്ഗവും സവർണവർഗ്ഗവും കയ്യടക്കിയ ഉദ്യോഗസ്ഥ- പോലീസ് സംവിധാനത്തിൽ നിന്ന് നീതി മാത്രം കമ്യൂണിസ്റ്റുകൾക്ക് അന്യമായി.അവിടെയാണ് പാർട്ടി എന്ന അർത്ഥത്തിൽ ഇടപെടൽ രൂപപ്പെടുന്നത്.ന്യായമായ നീതി എന്നതാണ് അതിന്റെ അടിസ്ഥാനകാരണം. പോലീസിനോടാണ് പാർട്ടി എപ്പോഴും തർക്കിച്ചത്. 90% ഇടപെടലും നാടിന്റെ പൊതുനന്മക്കും വ്യക്തിയുടെ മൗലികഅവകാശങ്ങളുമായും ബന്ധപ്പെട്ടായിരിക്കും. (കുറഞ്ഞ അളവിൽ അനാരോഗ്യകരമായ- കുറ്റകരമായ ഇടപെടൽ ഉണ്ടായിരിക്കാം)
വലതുപക്ഷവും മാധ്യമങ്ങളും പാർട്ടിയുടെ ഈ ഇടപെടലുകളെ പതിറ്റാണ്ടുകളോളം കള്ളങ്ങൾ കൊണ്ട് നേരിട്ടു.’പാർട്ടി ഭരണം’എന്ന വാചകം കൊണ്ട് നിരന്തരമായി ആക്രമിച്ചു. എന്നാൽ കമ്യൂണിസ്റ്റുകൾ ഒരു പടി പോലും പിന്നോട്ട് പോയില്ല. പാർട്ടി സ്നേഹികൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ജനങ്ങൾക്ക് അറിയാമായിരുന്നു നാട്ടിലെ പാർട്ടി നേതാവ് എന്തിനാണ് പോലീസ് സ്റ്റേഷനിൽ പോകുന്നത് എന്ന്,എന്തിനാണ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നത് എന്ന്. പാർട്ടി ശക്തമായി ആ പ്രചാരണത്തെ മറികടന്നു.
പൊതുവെ വലത് സ്വഭാവമുള്ള പോലീസിൽ ലെഫ്റ്റുകാരുടെ നാമമാത്രമായ ഇടപെടലുകൾ ഇല്ലെങ്കിൽ ദുരന്തമായിരിക്കും ഫലമെന്ന് പാവപ്പെട്ടവർക്ക് ബോധ്യമുണ്ടായിരുന്നു. ജനകീയപ്രശ്നങ്ങളിൽ പോലീസിനോട് ഇടപെട്ട് കൊണ്ട് നീതി ഉറപ്പാക്കാൻ വലത്പാർട്ടി നേതാക്കൾ തന്നെ പല വട്ടം മുമ്പോട്ട് വന്നത് കമ്യൂണിസ്റ്റുകളുടെ ജനപിന്തുണ കണ്ടിട്ടാണ്.
പാർട്ടിയുടെ സത്യസന്ധമായ ഇടപെടൽ ശേഷിയെ ദുർബലപ്പെടുത്തിയാണ് പിണറായി സർക്കാർ പോലീസ് നയം കൊണ്ട് വന്നത്.പൊലീസിന്റെ വലത് പക്ഷ സ്വഭാവത്തെ കൃത്യമായി അറിയുന്ന സിപിഐഎം പിബി മെമ്പർ എന്തിന് ഈ നയം നടപ്പിലാക്കി എന്ന ചോദ്യത്തിന് സുഖകരമല്ലാത്ത പല ഉത്തരങ്ങളുമുണ്ട്. 2006 – 2011 കാലത്തെ അനുഭവങ്ങൾ കൊണ്ട് പാർട്ടി സർക്കാരിൽ കൃത്യമായി ഇടപെട്ട് പ്രവർത്തിച്ചാൽ ഭരിക്കുന്നവർക്ക് ബുദ്ധിമുട്ടാകും എന്ന് വിഎസിനെ കണ്ട് പഠിച്ച നേതൃത്വമാണ് അന്നത്തെ സിപിഐഎം. അന്ന് പാർട്ടി അണികളുടെ വികാരം പാർട്ടിക്കൊപ്പമായിരുന്നു. വിഷമത്തോടെ ആ ഘട്ടത്തെ വിഎസ് നേരിട്ടു.
പാർട്ടി വിഭാഗിയതയെ കൂടി അവിടെ പ്രശ്നവത്കരിക്കാമെങ്കിലും അധികാരത്തെ ചുറ്റിപ്പറ്റിയാണ് പലതും മുമ്പോട്ട് പോയത്. വ്യക്തിപരമായുള്ള അധികാരത്തെ പരിഗണിക്കാത്ത കമ്യൂണിസ്റ്റുകാർ പാർട്ടി അധികാരത്തെ ആദരിക്കുന്നു. ആ ആദരവിനെയാണ് അന്നത്തെ സിപിഐഎം മാനിച്ചത്,ആ ആദരവിന്റെ ബലമാണ് അന്നത്തെ സെക്രട്ടറിക്ക് തുണയായത്.
പക്ഷെ, ഇന്ന് പാർട്ടിക്കല്ല അധികാരം,പകരം വ്യക്തിക്കൾക്കാണ്.വ്യക്തികളിൽ മാത്രം അധികാരം കേന്ദ്രീകരിക്കുമ്പോൾ പ്രശ്നങ്ങൾ കൂടും.അവരെ ചുറ്റിപറ്റി മാത്രം ബ്യുറോക്രസിക്ക് വികൃതി കാണിച്ചാൽ മതി. പങ്കിട്ടും നിരീക്ഷിച്ചും കൊണ്ട് പോകേണ്ട സംവിധാനത്തെ പിടി തരാതെ ഒരാൾ വെച്ചിരിക്കുമ്പോൾ ബ്യുറോക്രസിക്കും ഉന്നത ഉദ്യോഗസ്ഥർക്കും കാര്യങ്ങൾ എളുപ്പമാകും. അവർക്ക് കൂടി ഭരിക്കാൻ അവസരം വരും,ഒരേ ഒരു രാഷ്ട്രീയ അധികാരം മാത്രമുള്ള സർക്കാർ എന്നത് ഉന്നതഉദ്യോഗസ്ഥരുടെ മനോധർമത്തിനൊപ്പം സഞ്ചരിക്കും

ആദ്യ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് സന്ദീപാനന്ദ ഗിരിയുടെ വീട് തീ വെച്ചത്.പിണറായി സന്ദർശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തി. അന്വേഷണം സംഘിയെ ഏല്പിച്ചു. ആ സംഘി ഇന്ന് ബിജെപി ബൂത്ത് ഏജന്റ് ആണ്.(പിന്നീട് യഥാർത്ഥ പ്രതികളെ മറ്റൊരു കേസ് അന്വേഷണത്തിന്റെ ഘട്ടത്തിൽ കണ്ടെത്തി) ആലപ്പുഴയിൽ ഭീകരമായ രണ്ട് കൊലകൾ നടന്നു. മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കേസ് വിധി വന്നപ്പോൾ മറ്റൊരു കേസിൽ പോലീസ് അതുവരെ എന്ത് ചെയ്തു എന്ന ചോദ്യം ബാക്കിയായി. സ്റ്റേറ്റ് ശ്രദ്ധിച്ച, ഭരണകൂടം മോണിറ്റർ ചെയ്യേണ്ട രണ്ട് കേസിന്റെ രണ്ട് അവസ്ഥയാണിത്.
കഴിഞ്ഞ 8 കൊല്ലത്തിനിടെ എത്ര സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ടു. ആ കേസുകളുടെ സ്ഥിതി എന്താണ്? കോടതി വരെ കൃത്യസമയത്ത് എത്തിയിരുന്നോ? പ്രതികൾ ജയിലിലാണോ? സിപിഐഎം പ്രവർത്തകർ പ്രതികളാകുമ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നെ രാഷ്ട്രീയ ആരോപണം ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ ശരിവെക്കും. എന്നാൽ സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ടാൽ സിപിഐഎം നേതാക്കളുടെ പ്രസ്താവനകളെ തള്ളാനായിരിക്കും ഉന്നത IPS കാർ പത്രക്കാരെ കാണുക!
ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാകും എന്ന് പ്രസംഗിച്ച(അതെ ശൈലിയിൽ എത്ര സിപിഐഎമ്മുകാർ നാട്ടിൽ പ്രസംഗിക്കുന്നു) കോൺഗ്രസ് നേതാവിനെതിരെ കേസ് വരുന്നു. പത്രവാർത്തകൾ ഫേസ്ബുക് പോസ്റ്റ് ആകുമ്പോൾ മോദിജിയെ പറഞ്ഞെന്ന് പറഞ് കേസ് വരുന്നു.അപ്പോഴൊക്കെ തെരെഞ്ഞെടുപ്പ് കമ്മീഷനാണ് കാര്യങ്ങൾ നോക്കുന്നത് എന്ന് വകുപ്പ് മന്ത്രി പറയുന്നു.തൃശൂർ പൂരം പോലീസുകാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു. തൃശൂരിൽ കണ്ണുള്ള സംഘ് പരിവാറാണോ പിന്നിലെന്ന് സംശയം വരുന്നു.അപ്പോൾ സിഎം ഇടപെടുന്നു( തെരെഞ്ഞെടുപ്പ് അല്ലെങ്കിൽ പോലീസ് ഭാഷ്യം അദ്ദേഹം ആവർത്തിക്കുമായിരുന്നു)
കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ കേരളത്തിൽ വലിയ തോതിൽ വർഗീയപ്രചാരങ്ങൾ നടന്നു. അതിക്ഷേപങ്ങളും വർഗീയതയും പറയുന്നതിൽ ജനങ്ങൾക്കോ? യുട്യൂബ് ചാനലുകൾക്കോ? വർഗീയപ്രൊഫൈലുകൾക്കോ? യാതൊരു മടിയുമില്ലാത്ത കാലം.നിരന്തരം ആവർത്തിക്കുന്ന വിധ്വേഷങ്ങൾ.പാർട്ടിയുടെ പ്രാദേശിക നേതാക്കളും സഖാക്കളും പാർട്ടി ഗ്രൂപ്പുകളിൽ ആശങ്കകൾ പങ്ക് വെക്കുന്നു.സംഘ് പരിവാറും മൗദൂദി ഗ്രൂപ്പുകളും നടത്തുന്ന കള്ളങ്ങൾ അവരെ പേടിപ്പിക്കുന്നു.സമൂഹം വലിയ തോതിൽ വിഭജിക്കപ്പെടുന്നു.
എ കെ ജി സെന്ററിലെ ഒരൊറ്റ മുതിർന്ന നേതാവിനും ഇതിലൊന്നും ആശങ്കയില്ല, ഇവരിതൊന്നും അറിയുന്നില്ല. പോലീസ് എത്ര നിയമനടപടികൾ ഈ വിഷയത്തിൽ കേരളത്തിൽ എടുത്തു? എത്ര ഫോള്ളോഅപ്പ് ചെയ്തു? എത്ര എണ്ണം കോടതിയിൽ എത്തി? ഗൗരവത്തിൽ ഇത്തരം കേസുകൾ പോകുന്നുണ്ടോ? മമ്മുട്ടിക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ നോക്കൂ, പോലീസ് നടപടിയെടുക്കേണ്ട എത്ര നീചപ്രവർത്തികളാണ് എന്നും നടക്കുന്നത്.
കേരളത്തിന് വേണ്ടി എന്ന് നിരന്തരം പറയുന്ന സിപിഐഎം നേതാക്കൾ കേരളത്തെ കുറിച്ച് ദേശിയതലത്തിൽ മാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന കടുത്ത വെറുപ്പിനെതിരെ ഒരു നിയമനടപടിയും ആലോചിച്ചിട്ടില്ല. ഇന്ത്യയിൽ ഒരു സ്റ്റേറ്റിനെതിരെയും ഒരു പൗരനും നടത്താൻ കഴിയാത്ത അത്ര വെറുപ്പാണ് കേരളത്തിനോട് ചിലർ ചെയ്യുന്നത്.
മോദിയുടെ മുസ്ലിം വെറുപ്പ് സാധൂകരിക്കാൻ സംഘ് അനുഭാവികൾ ഇംഗ്ലീഷ് മാധ്യമങ്ങളിൽ വരെ ഉദാഹരിച്ചത് കേരളത്തെയാണ്. ദേവസ്വം പണം മുസ്ലിങ്ങൾക്ക് കൊടുക്കുന്നു എന്ന കള്ളം ‘കണക്ക്’ പറഞ് വിശദീകരിക്കുന്നു.സ്വമേധയ കേസെടുത്ത് കോടതികളിൽ കൃത്യമായി എത്തിക്കേണ്ട എത്ര വെറുപ്പുകളാണ് രാജ്യത്ത് സഞ്ചരിക്കുന്നത്.
സ്ത്രീകൾക്ക് നേരെയുള്ള അക്രമമാണ് മറ്റൊന്ന്. വലിയ പറ്റം സിപിഐഎം വനിതാ പ്രവർത്തകർ ആക്രമിക്കപ്പെടുന്നു. കേന്ദ്രകമ്മിറ്റി മെമ്പർ അക്രമിക്കപ്പെട്ടിട്ട് പാർട്ടി ആദ്യ ഘട്ടത്തിൽ എടുത്ത നിസ്സംഗത എന്തിനാണ് എന്ന ചോദ്യത്തിന് രസമല്ലാത്ത ഉത്തരം കിട്ടും. ഹരിഹരൻ അതിക്ഷേപിച്ച ശേഷം ശൈലജ ടീച്ചർ ഇരിക്കുന്ന കമ്മിറ്റിയിലെ ഒരൊറ്റ നേതാവ് മിണ്ടിയില്ല.പാർട്ടി സെക്രട്ടറി മിണ്ടിയില്ല.തിരുവനന്തപുരം മേയർ എത്രയോ വർഷമായി ആക്രമിക്കപ്പെടുന്നു. അതിലൊന്നും ഒരു നിയമ ഇടപെടൽ പാർട്ടി കാര്യമായി എടുത്തിട്ടില്ല.
പാർട്ടിക്ക് പുറത്തുള്ള സ്ത്രീകൾ അക്രമിക്കപെടുമ്പോൾ മാധ്യമങ്ങളുണ്ട് , അവരുടെ രാഷ്ട്രീയകാരുണ്ട്, സുഹൃത്തുക്കളുണ്ട്, അവർക്കൊക്കെ പരസ്യമായി രംഗത്ത് വരാനാകും, അങ്ങനെ എങ്കിലും നീതി ഉറപ്പാക്കാൻ കഴിയും. എന്നാൽ സിപിഐഎം പക്ഷത്തുള്ള സ്ത്രീകൾക്കോ?
പോലീസിൽ കാര്യമായൊരു ഇടപെടൽ പോലും സിപിഐഎം നേതൃത്വം നടത്തുന്നില്ല, എന്താണ് കാരണം? സിപിഐഎം കഴിഞ്ഞ രണ്ട് സമ്മേളനകാലത്തും പ്രാദേശിക നേതാക്കളാൽ ഒരൊറ്റ വകുപ്പിന്റെ പേരിൽ നിരന്തരം വിമർശനം ഏൽക്കുന്നു.ജില്ലാ സമ്മേളനങ്ങളിൽ കോടിയേരി അടക്കം സ്റ്റേറ്റ് പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന ഉറപ്പ് നൽകുന്നു.എന്നാൽ താഴേക്കിടയിലേക്ക് അത്ഭുതപ്പെടുത്തുന്ന നിരീക്ഷണങ്ങൾ ഇറക്കി വെച്ച്, പാർട്ടിക്കാരെ നിർബന്ധപൂർവം ജനങ്ങൾക്ക് ഇടയിൽ ‘സെൽ ഭരണം’ ഇല്ലാതെയാക്കി എന്ന മാപ്പ് പറച്ചിൽ കെട്ടി വെക്കുന്നു.പാർട്ടിക്കാർ ഇളിഭ്യരായി ജനമധ്യത്തിൽ ഇരിക്കുന്നു.
സംസ്ഥാന കമ്മിറ്റി എന്നൊരു ബോഡി ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലൂടെ കടന്ന് പോകുന്നു.പാർട്ടി സെക്രട്ടറിയേറ്റിനെ ചോദ്യം ചെയ്യാനുള്ള കെൽപ്പ് പോലുമില്ലാതെ വല്ലപ്പോഴും കൂടി ഇരുന്ന് ചായ കുടിച്ച് പിരിയുന്നു. പിണറായി വിജയനെ തിരുത്തുക എന്നുള്ളത് പാർട്ടി ഇപ്പോൾ അതിജീവനപ്രശ്നമായി എടുക്കേണ്ട സംഗതിയാണ്.ആ തിരുത്തിനുള്ള ബലം പാർട്ടി നേതാക്കൾക്ക് ഉണ്ടോ എന്നത് മറ്റൊരു ആഭ്യന്തരവിഷയമാണ്. ആത്മാർത്ഥതയും പാർട്ടി ബോധവും സത്യസന്ധതയും കർമനിരതമുള്ളവർക്ക് അല്ലാതെ അത് സാധ്യമല്ല. പിണറായി വിഎസിന് മുമ്പിൽ നിൽകുമ്പോൾ ഇതൊക്കെയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇപ്പോഴുള്ള മുതിർന്നനേതാക്കൾക്ക് എത്ര ആൾക്ക് ഇതൊക്കെയുണ്ട്. ?നേതാക്കൾക്ക് ഇല്ലെങ്കിലും ഉണ്ടെങ്കിലും ഈ രീതിയിൽ തുടർന്നാൽ പാർട്ടി പരാജയപ്പെടും.
മാറ്റം അനിവാര്യമായ ഘട്ടമാണിത്. എല്ലാ നേതാക്കളും പാർട്ടിക്ക് മുകളിൽ കസേരയിട്ട് ഇരിക്കാൻ താല്പര്യം ഉള്ളവരാണ്. എന്നാൽ കസേര ഇട്ട് തുടങ്ങുന്ന സമയത്ത് അത് പാർട്ടി ഒന്നാകെ തിരിച്ചറിയും.തിരുത്തും, പാർട്ടിക്ക് താഴെ കൊണ്ട് വരും.വി എസ് വരെ അത് അനുഭവിച്ചിട്ടുണ്ട്, എന്നാൽ പിന്നീട് വന്നവർ പാർട്ടിക്ക് മുകളിൽ കസേരയിട്ട് ഇരുന്ന് തിരുവാതിര കാണുകയാണ്.
കമ്യൂണിസ്റ്റ് പാർട്ടികളെ എളുപ്പത്തിൽ തകർക്കാൻ ഉള്ളിൽ പാർട്ടിയായി നിൽക്കുന്ന- എന്നാൽ അധികാരിയായി മാറുന്നവർക്ക് കഴിയുന്ന കാര്യമാണ്. പുറത്ത് നിന്ന് എന്ത് കൊമ്പ് എടുത്താലും ആർക്കും പാർട്ടിയെ ഒരു ചുക്കും ചെയ്യാനാവില്ല, വി എസിന് ആയിട്ടില്ല. (പാർട്ടിക്കാർക്ക് വിഎസിനെ പറ്റി പുറത്ത് നിൽക്കുന്നു എന്ന ഫീൽ ഉണ്ടായിരുന്നു, പിണറായി ഇന്ന് അകത്ത് നിൽക്കുന്നു എന്ന തോന്നലുണ്ട്)
പിണറായി വിജയൻ പോലീസിൽ കൊണ്ട് വന്ന മാറ്റം അധികാരവുമായി ബന്ധപ്പെട്ടതാണ്.അതിന്റെ ഉള്ളടക്കം കടുത്ത വലത്-പക്ഷ ബോധമാണ്. തൊഴിലാളികളും പാവപ്പെട്ടവരും ഇടപ്പെട്ട്-ഇടപ്പെട്ട് നമ്മുടെ സംവിധാനങ്ങൾ നശിപ്പിക്കുന്നു എന്ന കൃത്യമായ വലത്- ബോധ്യങ്ങളെ കൂട്ട് പിടിച്ചാണ് പിണറായി വിജയൻ പതിറ്റാണ്ടുകൾ കൊണ്ട് കമ്യൂണിസ്റ്റുകാർ പാവപ്പെട്ടവർക്ക് വേണ്ടി നേടിയെടുത്ത ചോദ്യം ചോദിക്കാനും അന്വേഷിക്കാനുമുള്ള അവകാശങ്ങൾ ബലി കഴിച്ചത്.
സർക്കാർ സംവിധാനത്തിലും പോലീസ് നടപടികളിലും ഒരൊറ്റ അധികാര- രാഷ്ട്രീക്കാരനെ പാടൂ എന്ന നിർബന്ധം പിണറായി സൂക്ഷിച്ചു.അദ്ദേഹത്തിന് തിരുത്താൻ കഴിയുന്ന രാഷ്ട്രീയങ്ങളെ മുഴുവൻ തിരുത്തി. അങ്ങനെ പാർട്ടി ഒരു ഇടപെടൽ ശക്തിയെ അല്ലാതെയായി, ആദ്യന്തരവകുപ്പിൽ നടക്കുന്നത് അതാണ്.പാർട്ടിയേക്കാൾ പിണറായിക്ക് ഉന്നതഉദ്യോഗസ്ഥർ പ്രിയപ്പെട്ടതാകുന്നു. പാർട്ടി എന്നാൽ ഒരാൾ മാത്രമാവുന്നു.

പൊതുവെ വലത് വത്കരിക്കപ്പെട്ട വകുപ്പിൽ നിന്ന് ലെഫ്റ്റുകാരുടെ ഇടപെടൽ കുറയ്‌ക്കുന്നു. സിപിഐഎം പതുകെ പിൻവാങ്ങുന്നു.എന്നാൽ കെ സുരേന്ദ്രനോ രമേശ് ചെന്നിത്തലക്കോ ഇടപെടാതെ തന്നെ പോലീസിൽ ശക്തിയുണ്ട്.സംഘിന് സംഘ് ആശയങ്ങൾ നടപ്പിലാക്കാൻ ഇടപെടൽ ആവിശ്യമില്ല.പോലീസുകാരൻ തന്നെ സംഘ് ആയിരിക്കും. സിപിഐഎമ്മുകാരെ പാർട്ടി കണ്ണിറുക്കി ഓടിച്ചെങ്കിലും മറ്റ് രാഷ്ട്രീയക്കാരെ ഓടിക്കാൻ കഴിഞ്ഞിട്ടില്ല.
സിപിഐഎം ഭരണചരിത്രത്തിൽ ഏറ്റവും കടുത്ത ‘സെൽ ഭരണം’ നടത്തിയ സെക്രട്ടറി അധികാരം പാർട്ടി ഓഫീസിൽ നിന്ന് ക്ലിഫ് ഹൌസിലേക്ക് മാറ്റിയപ്പോൾ ‘സെൽ ഭരണം’ അവിടെയാക്കി. ഈ തീവ്രമായ അപകടം സിപിഐഎം സ്റ്റേറ്റ് കമ്മിറ്റിക്ക് അല്പം ശക്തി ഉണ്ടെങ്കിൽ തിരുത്തണം.തിരുത്തിയാലും വളരെ വൈകിയത് കൊണ്ട് കാര്യമൊന്നുമുണ്ടാവില്ല . പത്ത്- അൻപത് കൊല്ലം പണിയെടുത്ത ശേഷം വന്ന മാറ്റമാണ് അഞ്ചെട്ട് കൊല്ലം കൊണ്ട് ബ്യുറോക്രസിയെ വെച്ച് പിണറായി പൊളിച്ചത്.എല്ലാം നേരെയാകാൻ പിന്നെയും കാലമെടുക്കും. അത് നേരയാക്കാനുള്ള സത്യസന്ധമായ ബലം നേതാക്കൾക്ക് ഉണ്ടോ എന്ന ചോദ്യം അപ്പുറത്ത് ഉണ്ടെങ്കിലും ഇപ്പോൾ ഇടപെട്ടാൽ അത്രെയും നല്ലത്.
2024 സിപിഐഎം സമ്മേളനങ്ങൾ പാർട്ടിയെ ഇഷ്ടപ്പെടുന്നവർക്ക് പ്രധാനമാണ് എന്ന് കരുതുന്നു. 2018 മുതൽ സ്റ്റേറ്റ് നേതൃത്വം തുടരുന്ന- താഴെകിടയിലെ വിമർശനങ്ങളോടുള്ള കടുത്ത അവഗണനയും നിസ്സംഗതയും ഇത്തവണ കൂടി തുടർന്നാൽ എല്ലാ അർത്ഥത്തിലും സ്റ്റേറ്റ് നേതൃത്വം തകർത്തൊരു മിടുക്കുള്ള പഴയ പാർട്ടിയായി സിപിഐഎം മാറും.























