എയർ ഇന്ത്യയുടെ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ നിന്നും എടിസിക്ക് ലഭിച്ച അവസാന സന്ദേശം പരിശോധിച്ച അന്വേഷണ സംഘത്തിന് സന്ദേശത്തിൽ പൈലറ്റ് ‘മെയ്‌ഡേ’ എന്ന് മൂന്ന് തവണ പറയുന്നതാണ് ലഭിച്ചത്. പൈലറ്റ് സുമിത് സബർവാളിൻ്റെ സന്ദേശമാണ് അന്വേഷണ സംഘം പരിശോധിച്ചത്.
“മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, നോ ത്രസ്റ്റ്, ഗോയിങ് ഡൗൺ” എന്ന അഞ്ച് സെക്കന്റ് ദൈർഘ്യമുള്ള സന്ദേശമാണ് ലഭിച്ചത്. മെയ്ഡേ കോൾ ലഭിച്ചെങ്കിലും എടിസിയ്ക്ക് പൈലറ്റിനെ തിരിച്ച് ബന്ധപ്പെടാൻ അവസരം ലഭിക്കുന്നതിന് മുമ്പായി തന്നെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു.
എന്താണ് ‘മെയ്ഡേ’ എന്നാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു പൈലറ്റ് ‘മെയ്ഡേ, മെയ്‌ഡേ, മെയ്‌ഡേ’ എന്ന് പറയുമ്പോൾ, അവർ ജീവന് ഭീഷണിയായ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അടിയന്തര സഹായം ആവശ്യമാണെന്നാണ് ഇതിനർഥം. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, സാങ്കേതിക പ്രശ്‌നങ്ങള്‍, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക.
‘മെയ്‌ഡേ’ എന്ന വാക്ക് മൂന്ന് തവണ ആവർത്തിക്കുന്നതാണ് അന്താരാഷ്ട്ര തലത്തിൽ അടിയന്തര അപകട സൂചന മുന്നറിയിപ്പായി അംഗീകരിക്കപ്പെട്ട ഈ രീതി. ജീവന് ഭീഷണിയായ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്യാൻ പൈലറ്റുമാരും ജീവനക്കാരും ഉപയോഗിക്കുന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സിഗ്നലാണ് ‘മെയ്‌ഡേ കോൾ’.
ഈ സമയം അത്യാവശ്യമല്ലാത്ത എല്ലാ റേഡിയോ ട്രാഫിക്കും നിർത്തണം എയർ ട്രാഫിക് കൺട്രോൾ (എടിസി) ആ കോളിന് വേണം മുൻഗണന നൽകേണ്ടത്. തുടർന്ന് പൈലറ്റുമാർ കോൾ സൈൻ, സ്ഥലം, എമർജൻസിയുടെ സ്വഭാവം, ആളുകളുടെ എണ്ണം, ആവശ്യങ്ങൾ പോലുള്ള പ്രധാന വിശദാംശങ്ങൾ നൽകണം.
രക്ഷാപ്രവർത്തകർക്ക് വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും. ഒരിക്കൽ പുറപ്പെടുവിച്ചാൽ, ഈ സിഗ്‌നൽ തൽക്ഷണം അടിയന്തര പ്രോട്ടോക്കോളുകൾ പ്രവർത്തന ക്ഷമമാക്കുകയും അഗ്‌നിശമന സേന, മെഡിക്കൽ, സുരക്ഷാ സേവനങ്ങൾ എന്നിവ സംഭവ സ്ഥലത്തേക്ക് അയക്കുകയും ചെയ്യുന്നു.
1920 -കളുടെ തുടക്കത്തിൽ ലണ്ടനിലെ ക്രോയ്‌ഡൺ വിമാന താവളത്തിലെ റേഡിയോ ഓഫീസറായിരുന്ന ഫ്രെഡറിക് സ്റ്റാൻലി മോക്ക് ഫോർഡ് ആണ് ‘മെയ്‌ഡേ’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ‘എന്നെ സഹായിക്കൂ’ എന്നർഥമുള്ള ഫ്രഞ്ച് വാക്കായ ‘മെയ്‌ദേ’യിൽ നിന്നാണ് ഈ പദം വരുന്നത്. ഇത് ‘മെയ്‌ഡേ’ എന്ന ഇംഗ്ലീഷ് പദമായി തെറ്റിദ്ധരിക്കാറുണ്ട്.
1923 ആയപ്പോഴേക്കും ഇത് പൈലറ്റുമാർക്കും നാവികർക്കും വേണ്ടിയുള്ള അന്താരാഷ്ട്ര റേഡിയോ ആശയ- വിനിമയത്തിൻ്റെ ഭാഗമായി മാറി. 1927 ൽ മോഴ്‌സ് ‘എസ്.ഒ.എസ്’ നൊപ്പം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
1923ൽ ക്രോയ്‌ഡണിലെ ബോർഗെറ്റ് വിമാനങ്ങൾ ‘മെയ്‌ഡേ’ എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങി. അന്താരാഷ്ട്ര റേഡിയോ ടെലഗ്രാഫ് കൺവെൻഷൻ ഇത് ഔപചാരികമാക്കി.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:























