അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡോണൾഡ് ജെ. ട്രംപ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സിൻ്റെ കീഴിലാണ് ട്രംപ്
അമേരിക്കൻ ക്യാപിറ്റൽ റൊട്ടുണ്ടയിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് .ഇതോടൊപ്പം വൈസ് പ്രസിഡൻ്റ് ജെഡി വാൻസും സത്യപ്രതിജ്ഞ ചെയ്തു, സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കവനോവ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ നാല് വർഷമായി നടന്ന നിരവധി വഞ്ചനകളെ പൂർണ്ണമായും മാറ്റാനുള്ള നിയോഗമാണ് തൻ്റെ തിരഞ്ഞെടുപ്പെന്ന് ട്രംപ് ആദ്യ പ്രസംഗത്തിൽ പറഞ്ഞു . “ഈ നിമിഷം മുതൽ, അമേരിക്കയുടെ പതനം അവസാനിച്ചു,” അദ്ദേഹം പറഞ്ഞു.
“നമ്മുടെ റിപ്പബ്ലിക് വീണ്ടെടുക്കാനുള്ള യാത്ര എളുപ്പമായിരുന്നില്ല. ഞങ്ങളുടെ ലക്ഷ്യം നിർത്താൻ ആഗ്രഹിക്കുന്നവർ, എൻ്റെ സ്വാതന്ത്ര്യവും യഥാർത്ഥത്തിൽ എൻ്റെ ജീവനും കവർന്നെടുക്കാൻ ശ്രമിച്ചു, ” കഴിഞ്ഞ ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന ഒരു പ്രചാരണ റാലിക്കിടെ തൻ്റെ വധശ്രമത്തെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു .“അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ രക്ഷിച്ചു,” ട്രംപ് പ്രഖ്യാപിച്ചു.
റെക്കോർഡ് പണപ്പെരുപ്പം തോൽപ്പിക്കാനും ചെലവും വിലയും കുറയ്ക്കാനും തങ്ങളുടെ അധികാരങ്ങൾ ഉപയോഗിക്കാനും എല്ലാ കാബിനറ്റ് അംഗങ്ങളോടും അദ്ദേഹം നിർദ്ദേശിച്ചു. ലിംഗ രാഷ്ട്രീയത്തെക്കുറിച്ച് ട്രംപ് പ്രഖ്യാപിച്ചു: “രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ: ആണും പെണ്ണും.” ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെൻ്റിൻ്റെ ഔദ്യോഗിക നയമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സർക്കാർ സെൻസർഷിപ്പുകളും അവസാനിപ്പിക്കുമെന്നും “അമേരിക്കയിലേക്ക് സ്വതന്ത്രമായ അഭിപ്രായപ്രകടനം തിരികെ കൊണ്ടുവരുമെന്നും” 47-ാമത് പ്രസിഡൻ്റ് അമേരിക്കക്കാർക്ക് ഉറപ്പുനൽകി.